ഗതാഗതത്തിന് പുറമേ ഗണേഷ് കുമാറിന് സിനിമാ വകുപ്പും വേണം: മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

ഗതാഗതത്തിന് പുറമേ ഗണേഷ് കുമാറിന് സിനിമാ വകുപ്പും വേണം: മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം: ഗതാഗതത്തിന് പുറമേ കെ.ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിന് എല്‍.ഡി.എഫ് ധാരണ പ്രകാരം ലഭിക്കുന്നത്. ഇതു കൂടാതെയാണ് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. സജി ചെറിയാനാണ് നിലവില്‍ സിനിമ വകുപ്പിന്റെ ചുമതല.

ഡിസംബര്‍ 29 നാണ് കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അഹമ്മദ് ദേവര്‍കോവില്‍ കൈകാര്യം ചെയ്ത തുറമുഖ വകുപ്പാണ് കടന്നപ്പള്ളിക്ക് ലഭിക്കുന്നത്.

ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു. 2001 മുതല്‍ പത്തനാപുരത്തിന്റെ പ്രതിനിധിയാണ് കെ.ബി ഗണേഷ് കുമാര്‍.

2001 ല്‍ എ.കെ ആന്റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണ പിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു.

ഭാര്യയുമായുള്ള വിവാഹമോചന തര്‍ക്കത്തെ തുടര്‍ന്ന് 2013 ല്‍ മന്ത്രി സ്ഥാനം രാജി വെച്ചു. തുടര്‍ന്ന് 2015 ല്‍ ഗണേഷ് കുമാറിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറി. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് 2021 മെയ് 10 മുതല്‍ കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ചെയര്‍മാനാണ് ഗണേഷ് കുമാര്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.