ജനുവരി മുതല്‍ കോഴിക്കോട്, തിരുവനന്തപുരം സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇത്തിഹാദ്

ജനുവരി മുതല്‍ കോഴിക്കോട്, തിരുവനന്തപുരം സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇത്തിഹാദ്

അബുദാബി: അബുദാബിയില്‍ നിന്നും കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ജനുവരി മുതല്‍ ഇത്തിഹാദ് എയര്‍വേസ് സര്‍വീസ് പുനരാരംഭിക്കുന്നു. ജനുവരി ഒന്നു മുതല്‍ പ്രതിദിനം ഓരോ സര്‍വീസുകളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40ന് അബുദാബിയില്‍ നിന്നും വിമാനം പുറപ്പെടും. രാത്രി 7.55ന് വിമാനം കോഴിക്കോട് എത്തുന്ന രീതിയിലാണ് സര്‍വീസ്. എയര്‍ക്രാഫ്റ്റ് എയര്‍ ബസ് 320 വിമാനമാണ് സര്‍വീസ് നടത്തുന്നത്.

എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് വിമാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 9.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 12.05ന് അബുദാബിയില്‍ എത്തും. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുകയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.

ഏഴ് കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുംവിധം വിവിധ നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം.

ദുബായ് അല്‍ വാസില്‍ സെന്ററിലെ ഷെയ്ഖ് സായിദ് റോഡില്‍നിന്നും തിരിച്ചും സൗജന്യമായി ബസ് സര്‍വിസും പുതിയ സര്‍വിസുകള്‍ക്കായി ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

സീറ്റ് ആവശ്യമുള്ളവര്‍ക്ക് മുന്‍കുട്ടി ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്തവര്‍ക്ക് സീറ്റ് ഉണ്ടെങ്കില്‍മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. ഇത്തിഹാദ് കൊച്ചി വിമാനത്താവളത്തിലേക്ക് നിലവില്‍ മൂന്നു സര്‍വീസുകള്‍ ആണ് നടത്തുന്നത്. ഇതോടെ കേരളത്തിലെ മൂന്ന് പ്രധാനപ്പെട്ട വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ ഇത്തിഹാദ് നടത്തുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ രാത്രി ലാന്‍ഡിങ് നിരോധിച്ചതിനെ തുടര്‍ന്ന് 2022 ജൂണില്‍ ഇത്തിഹാദ് സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.