ന്യൂഡല്‍ഹി: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി പ്രതിസന്ധിയിലായി. പ്രധാനപ്പെട്ട ഷിപ്പിങ് കമ്പനികളെല്ലാം സൂയസ് കനാല്‍ ഒഴിവാക്കിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഇതുമൂലം ജിദ്ദ, യെമന്‍, ബെയ്‌റൂട്ട്, ഡര്‍ബന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അരി കയറ്റുമതിയാണ് പ്രതിസന്ധിയിലായത്.
ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നതിന് മുമ്പ് യെമനിലേക്ക് അരിയെത്തിക്കുന്നതിനുള്ള നിരക്ക് 850 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോഴത് 2400 ഡോളറായി ഉയര്‍ന്നു. ജിദ്ദയിലേക്കുള്ള കണ്ടെയ്‌നര്‍ ചാര്‍ജ് 300 ഡോളറില്‍ നിന്നും 1500 ഡോളറായും ഉയര്‍ന്നു.
ചരക്ക് കൂലി വര്‍ധിച്ചതോടെ കച്ചവടക്കാര്‍ ചരക്കെടുക്കുന്നില്ലെന്ന് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് സേതിയ പറഞ്ഞു. പ്രതിവര്‍ഷം നാല് മുതല്‍ 4.5 മില്യണ്‍ ടണ്‍ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും കയറ്റി അയക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്.
അരി കയറ്റുമതിക്കൊപ്പം ചെങ്കടല്‍ പ്രതിസന്ധി ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്. ഒരു ടണ്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചെലവ് 30 ഡോളറാണ് വര്‍ധിച്ചത്.
മറ്റുവഴികളിലൂടെ സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്താലും പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. 28 ദിവസത്തിനുള്ളില്‍ യുക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നും സൂര്യകാന്തി എണ്ണ ഇന്ത്യയിലെത്തും. പ്രതിസന്ധിയെ തുടര്‍ന്ന് വഴിമാറ്റിയാല്‍ എണ്ണയെത്താന്‍ 40 ദിവസമെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.