ബിനോയ് വിശ്വം സെക്രട്ടറി; തീരുമാനം അംഗീകരിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍

ബിനോയ് വിശ്വം സെക്രട്ടറി; തീരുമാനം അംഗീകരിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വത്തെ തീരുമാനിച്ചത് സംസ്ഥാന കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകരിച്ചു. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് നിലവില്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വം തന്നെയായിരുന്നു വഹിച്ചിരുന്നത്.

കെ. പ്രകാശ് ബാബുവാണ് ഇന്നലെ എക്സിക്യൂട്ടീവില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. തന്റെ പിന്‍ഗാമിയായി കാനം രാജേന്ദ്രന്‍ തന്നെ നേരത്തെ ബിനോയ് വിശ്വത്തെ നിര്‍ദേശിച്ചിരുന്നു.

നിലവില്‍ രാജ്യസഭാ അംഗമായ ബിനോയ് വിശ്വം സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. സിപിഐയുടെ മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാണ്. 2006-2011 കാലഘട്ടത്തില്‍ വിഎസ് സര്‍ക്കാരില്‍ വനം, ഭവന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

അതേസമയം കാനം മരിച്ചതിനു തൊട്ടു പിന്നാലെ ബിനോയിയെ സെക്രട്ടറിയാക്കിയതിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയില്‍ രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്തുടര്‍ച്ചാവകാശമില്ലെന്നും കാനത്തിന്റെ മരണത്തിന് പിന്നാലെ ഉടനടി താല്‍ക്കാലിക സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമില്ലെന്നും ആയിരുന്നു ഇസ്മയിലിന്റെ വിമര്‍ശനം.

കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ പിന്നീട് തര്‍ക്കങ്ങളുണ്ടായില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ച കത്തില്‍, ബിനോയ് വിശ്വത്തിന് തനിക്ക് പകരം ചുമതല നല്‍കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വത്തിനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന അടിയന്തര സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം മുന്നോട്ടു വച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.