ഇനി പിഴ പലിശയില്ല, പിഴത്തുക മാത്രം; റിസര്‍വ് ബാങ്ക് നടപടി ജനുവരി ഒന്ന് മുതല്‍

ഇനി പിഴ പലിശയില്ല, പിഴത്തുക മാത്രം; റിസര്‍വ് ബാങ്ക് നടപടി ജനുവരി ഒന്ന് മുതല്‍

തിരുവനന്തപുരം: തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ജനുവരി ഒന്ന് മുതല്‍ പുതിയ നടപടി പ്രാബല്യത്തില്‍ വരും. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴ പലിശയ്ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഈടാക്കാന്‍ കഴിയൂ. ജനുവരി ഒന്ന് മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് മേലാണ് ഇത് ബാധകമാകുക.

നിലവില്‍ ഉപയോക്താവ് എടുക്കുന്ന വായ്പകള്‍ക്ക് പുതിയ നടപടി ക്രമം ജൂണിനകം ബാധകമാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല. സാധാരണയായി വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ വായ്പയുടെ പലിശ നിരക്കിന് മേലാണ് പിഴ പലിശ ചുമത്തുന്നത്. ഇതോടെ തിരിച്ചടവ് ബാധ്യത വന്‍ തോതില്‍ ഉയരുകയാണ് ചെയ്യുന്നത്. മാത്രമല്ല പല ധനകാര്യസ്ഥാപനങ്ങളിലും ഇത് വിവിധ തരത്തിലാണ് കണക്കാക്കുന്നത്. ഇതിന്റെ പേരില്‍ ബാങ്കും ഉപയോക്താക്കളും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലും ഉണ്ട്.

ഈ സാഹചര്യത്തിലാണ് പലിശയ്ക്ക് മേല്‍ ചുമത്തുന്ന പിഴ പലിശയ്ക്ക് പകരം ന്യായമായ പിഴത്തുക മാത്രം ചുമത്താന്‍ ആര്‍ബിഐ ഉത്തരവിട്ടത്. ഇതിന്മേല്‍ പലിശ ഈടാക്കാനും പാടില്ല. ഇതുവഴി തിരിച്ചടവ് തുക ഭീമമായി വര്‍ധിക്കുന്നത് തടയാനാകും. വായ്പകളുടെ പലിശയിലേക്ക് അധിക ചാര്‍ജ് ലയിപ്പിക്കാനും ഇനി സാധിക്കില്ല. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം റിസര്‍വ്വ് ബാങ്ക് കൈക്കൊണ്ടത്.

തിരിച്ചടവ് മുടങ്ങുമ്പോള്‍ ഈടാക്കുന്ന തുകയെ ഒരു വരുമാന മാര്‍ഗമായി ബാങ്കുകള്‍ കാണാതിരിക്കാനാണ് ഇത്തരമൊരു നടപടി. വായ്പാ കരാര്‍ പാലിക്കുന്നതിനും തിരിച്ചടവില്‍ അച്ചടക്കം സ്വീകരിക്കുന്നതിനും പിഴ ഈടാക്കാമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം. അതേസമയം പിഴത്തുക എത്രവേണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.