ലാലന്‍ സിങ് രാജി വെച്ചു: നിതീഷ് കുമാര്‍ വീണ്ടും ജെഡിയു അധ്യക്ഷന്‍

ലാലന്‍ സിങ് രാജി വെച്ചു: നിതീഷ് കുമാര്‍ വീണ്ടും ജെഡിയു അധ്യക്ഷന്‍

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ജനതാദള്‍ (യു) നേതൃത്വത്തില്‍ മാറ്റം.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ലാലന്‍ സിങ് എന്ന രാജീവ് രഞ്ജന്‍ സിങ് രാജി വെച്ച് മണിക്കൂറുകള്‍ക്കകമാണ് നിതീഷ് സ്ഥാനം ഏറ്റെടുത്തത്. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് ഏകകണ്ഠമായി നിതീഷിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.

നിതീഷ് കുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും കൊണ്ടു വരുന്നതിനായി ലാലന്‍ സിങ് സ്ഥാനമൊഴിയുമെന്ന് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. നിതീഷുമായി അടുത്ത കാലത്തായി ലാലന്‍ സിങ് അകല്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഖ്യ കക്ഷിയായ ആര്‍ജെഡിയുമായുള്ള അദേഹത്തിന്റെ അടുപ്പമാണ് ഈ അകല്‍ച്ചയ്ക്ക് പിന്നിലെന്നും പറയപ്പെടുന്നു.

കഴിഞ്ഞ കാലങ്ങളില്‍ മുന്നണികള്‍ മാറിമാറി ചുവടു വെച്ച നിതീഷിനും ജെഡിയുവിനും ഏതെങ്കിലും ഘട്ടത്തില്‍ ബിജെപി സഖ്യത്തിലേക്ക് മടങ്ങേണ്ടി വന്നാല്‍ ലാലന്‍ സിങ് അതിന് തടസമാകുമെന്ന ഭയവുമുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയാണ് ലാലന്‍ സിങ്.

ഇന്ത്യ സഖ്യത്തിന് മുന്‍കൈ എടുത്ത നിതീഷ് അടുത്ത കാലത്തായി മുന്നണിയോട് അത്ര അടുപ്പം കാണിക്കുന്നില്ല. ഡല്‍ഹിയില്‍ അവസാനമായി ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിന് ശേഷം നിതീഷ് എന്‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന പ്രചാരണങ്ങളുണ്ടായിരുന്നു.

ഇന്ത്യ സഖ്യത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് നിതീഷിനുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതും അനിഷ്ടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.