വധ ശിക്ഷയില്‍ ഇളവ് ലഭിച്ച മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് 25 വര്‍ഷം വരെ തടവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

വധ ശിക്ഷയില്‍ ഇളവ് ലഭിച്ച മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് 25 വര്‍ഷം വരെ തടവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാളി അടക്കമുള്ള ഇന്ത്യക്കാരായ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചതായാണ് സൂചന.

ഏഴ് നാവിക ഓഫീസര്‍മാരും ഒരു സെയിലറും അടക്കമുള്ളവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇവരില്‍ ഒരാള്‍ക്ക് 25 വര്‍ഷം തടവും നാല് പേര്‍ക്ക് 15 വര്‍ഷം തടവും രണ്ട് പേര്‍ക്ക് പത്ത് വര്‍ഷം തടവും ഒരാള്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാലിത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിധി പകര്‍പ്പ് കണ്ടിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാകില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കുന്നത്. കേസിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ സൃഷ്ടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ശിക്ഷയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതു വരെ ഒന്നും പറയാന്‍ സാധിക്കില്ല. മുന്നോട്ടുള്ള കാര്യങ്ങള്‍ അഭിഭാഷക സംഘത്തോടും നാവികരുടെ കുടുംബത്തോടും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദേഹം വ്യക്തമാക്കി.

മുന്‍ നാവികനും മലയാളിയുമായ രാഗേഷ് ഗോപകുമാര്‍, മുന്‍ ക്യാപ്ടന്‍മാരായ നവതേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, മുന്‍ കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത എന്നിവര്‍ക്കെതിരെയാണ് ഖത്തറില്‍ വധശിക്ഷ വിധിക്കപ്പെട്ടത്.

ഖത്തര്‍ പ്രതിരോധ, സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന സ്വകാര്യ സ്ഥാപനമായ അല്‍-ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. 2022 ഓഗസ്റ്റില്‍ ദോഹയില്‍ വച്ചാണ് ഖത്തര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 26 നാണ് വധ ശിക്ഷ വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.