അമേരിക്കയില്‍ കോടീശ്വരരായ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും മകളെയും ആഡംബര വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയില്‍ കോടീശ്വരരായ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും മകളെയും  ആഡംബര വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോടീശ്വരരായ ഇന്ത്യന്‍ ദമ്പതികളെയും കൗമാരക്കാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. മസാച്യുസെറ്റസിലെ 41 കോടി രൂപ വിലവരുന്ന ആഡംബര വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാകേഷ് കമാല്‍ (57), ഭാര്യ ടീന (54) അരിയാന (18) എന്നിവരാണ് മരിച്ചത്.

സമീപകാലത്തായി ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോവറില്‍ 50 ലക്ഷം ഡോളര്‍ വിലമതിക്കുന്ന വസതിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. രണ്ടു ദിവസമായി ഇവരെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധു വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പുറത്തുനിന്ന് ആരെങ്കിലും വന്ന് കൊലപ്പെടുത്തിയതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം എങ്ങനെയാണ് ഇവര്‍ മരിച്ചതെന്ന വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

ദമ്പതികള്‍ നേരത്തെ നടത്തിയിരുന്ന വിദ്യാഭ്യാസ കമ്പനിയായ എഡുനോവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഭര്‍ത്താവിന്റെ മൃതദേഹത്തിനു സമീപം തോക്ക് കണ്ടെത്തിയതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പറഞ്ഞു. കുടുംബ വഴക്കാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അറ്റോര്‍ണി കൂട്ടിച്ചേര്‍ത്തു.

ആത്മഹത്യയാണോ, കൊലപാതകമാണോ എന്നറിയുന്നതായി മെഡിക്കല്‍ എക്സാമിനറുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നു ജില്ലാ അറ്റോര്‍ണി പറഞ്ഞു.

ബോസ്റ്റനില്‍ ഇവര്‍ 2016-ല്‍ ആരംഭിച്ച എഡുനോവ എന്ന വിദ്യാഭ്യാസ സ്ഥാപനം 2021 ഓടെ പൂട്ടിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ഇവരുടെ വസതി ഒരു വര്‍ഷം മുമ്പ് ജപ്തി ചെയ്യുകയും മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള വില്‍സണ്‍ഡേല്‍ അസോസിയേറ്റ്സ് എല്‍എല്‍സിക്ക് 3 മില്യണ്‍ ഡോളറിന് വില്‍ക്കുകയും ചെയ്തിരുന്നു. 11 കിടപ്പുമുറികളും 13 ബാത്ത്റൂമുകളുമുള്ള 19,000 ചതുരശ്ര അടിയുമുള്ള എസ്റ്റേറ്റ് 2019-ല്‍ 4 മില്യണ്‍ ഡോളറിനാണ് ഇവര്‍ വാങ്ങിയത്.

വിദ്യാഭ്യാസ സ്ഥാപനം പൂട്ടിയതിന് പിന്നാലെ 2022ല്‍ ടീന പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് തള്ളി.

എഡുനോവ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു ടീന. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലുമാണ് ടീന പഠിച്ചത്. രാകേഷ് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, എം.ഐ.ടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.