പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് രാഷ്ട്രീയ നേട്ടങ്ങള്‍: മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് രാഷ്ട്രീയ നേട്ടങ്ങള്‍: മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പുരസ്‌കാരങ്ങളേക്കാള്‍ വലുത് ആത്മാഭിമാനമാണ്.

രാജ്യത്തെ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് രാഷ്ട്രീയ നേട്ടമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം.

രാജ്യത്തിന്റെ കാവല്‍ക്കാരനായിരിക്കേണ്ട പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരം ക്രൂരതകള്‍ സംഭവിക്കുന്നതില്‍ വേദനയുണ്ട്. കഴിഞ്ഞ ദിവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന പുരസ്‌കാരവും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ വെച്ച് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.

നേരത്തെ മെഡല്‍ തിരിച്ചേല്‍പ്പിച്ച ഗുസ്തി താരം ബജറംഗ് പൂനിയയെ രാഹുല്‍ ഗാന്ധി നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ലൈംഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിന്റെ അനുയായി സഞ്ജയ് സിങിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത ദിവസം തന്നെ സാക്ഷി മാലിക് ഗുസ്തി അവസാനിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ബ്രിജ് ഭൂഷണെതിരെ തങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള നടപടിയുണ്ടാവുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.