അനധികൃത സ്വത്ത് കേസ്; ഡി.കെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്

അനധികൃത സ്വത്ത് കേസ്; ഡി.കെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്

ബംഗളുരു:കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഡി.കെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ മലയാളം വാര്‍ത്താ ചാനലായ ജയ്ഹിന്ദിനോട് സിബിഐ ബംഗളൂരു യൂണിറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 91 പ്രകാരമാണ് നോട്ടീസ്.

ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ബി.എസ് ഷിജുവിനോട് ജനുവരി 11 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ്. ശിവകുമാറിന്റെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ചാനലില്‍ നിക്ഷേപമുണ്ടോ എന്നും നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്.

ശിവകുമാറിന് പുറമെ ഭാര്യ ഉഷ, രണ്ടു മക്കള്‍ എന്നിവരുടെ പേരിലും ജയ്ഹിന്ദിലേക്ക് പണമെത്തിയതായാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന വിവരം. ഡിവിഡന്റ് ഷെയര്‍, ബാങ്ക് ഇടപാടുകള്‍, ഹോള്‍ഡിങ് സ്റ്റേറ്റ്മെന്റ്, ലെഡ്ജര്‍ അക്കൗണ്ട്, കോണ്‍ട്രാക്ട് വിവരങ്ങള്‍ എന്നിവയും സിബിഐ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2013-2018 കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് സിബിഐ 2020 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ അയച്ച നോട്ടീസ് ലഭിച്ചതായി ജയ്ഹിന്ദ് ചാനല്‍ എംഡി ബി.എസ് ഷിജു പറഞ്ഞു. നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും നിക്ഷേപങ്ങളില്‍ ക്രമക്കേടുകള്‍ ഇല്ലെന്നും ഷിജു വ്യക്തമാക്കി.

2007 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ജയ്ഹിന്ദ് ടിവി സംപ്രേഷണമാരംഭിച്ചത്. യുപിഎ ഭരണം അവസാനിച്ചതു മുതല്‍ ചാനല്‍ സാമ്പത്തിക പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ നേതാക്കളില്‍ നിന്ന് ധന സമാഹരണം നടത്തിയും മറ്റുമാണ് ചാനല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.