വാഷിംഗ്ടൺ ഡിസി: പ്രതീക്ഷൾ നിറഞ്ഞ പുതു വർഷത്തിന് തുടക്കമായിരിക്കുകയാണ്. 2023 നോട് യാത്ര പറഞ്ഞ് പുതിയൊരു വർഷത്തെ ലോകം വരവേറ്റു. വലിയ ആരവങ്ങളോടെയാണ് ജനങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത്. ആകാശത്തെങ്ങും വെടിക്കെട്ടുകളുമായിട്ടാണ് ഇത്തവണയും പുതുവർഷം പിറന്നത്. പുതുവർഷം ഏറ്റവും വൈകിയെത്തിയത് അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
ഡിസംബർ 31 ന് വൈകുന്നേരം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പുതുവർഷാഘോഷങ്ങൾക്കായി വലിയ ജനക്കൂട്ടം തടിച്ചു കൂടി. രാത്രി 11. 59 ന് വൺ ടൈംസ് സ്‌ക്വയറിന്റെ മേൽക്കൂരയിൽ നിന്നും പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു പന്ത് താഴേക്ക് വീഴുന്നതോടെയാണ് ന്യൂയോർക്കിൽ പുതുവർഷം പിറക്കുന്നത്. പരമ്പരാഗതമായി നടത്തിവരുന്ന ഈ ചടങ്ങ് ആസ്വദിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് ടൈംസ് സ്ക്വയറിലേക്ക് ഒഴുകിയെത്തിയത്.
ബെബെ റെക്ഷ, സബ്രീന കാർപെന്റർ, ലുഡാക്രിസ്, മേഗൻ തീ സ്റ്റാലിയൻ, എൽഎൽ കൂൾ ജെ തുടങ്ങിയവരുടെ സംഗീത പരിപാടികളും ആഘോഷപരിപാടികളോടൊപ്പം അരങ്ങേറി. ഇസ്രയേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കയിലാകാമാനം വൻ സുരക്ഷ ഒരുക്കിയിരുന്നു. ഡാലസിലെ റീയൂണിയൻ ടവറിനു മുകളിലും വൻ ആഘോഷപരിപാടികളായിരുന്നു. ആസ്വദകർക്കായി മനോഹരമായ ലൈറ്റ് ഷോകൾ ഒരുക്കിയിരുന്നു. കരിമരുന്നു പ്രകടനവും അരങ്ങേറി.
ഫ്രാൻസിൽ മാത്രം ഏകദേശം 90,000 ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിരുന്നു. ചാംപ്‌സ് - എലിസീസ് അവന്യൂ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനം ഒത്തുകൂടി. പാരീസിന്റെ ചരിത്രവും 2024 ലെ സമ്മർ ഒളിമ്പിക്‌സിനായി നഗരത്തിൽ നടക്കുന്ന കായിക ഇനങ്ങളും പ്രദർശിപ്പിച്ച മൾട്ടി - ഡൈമൻഷണൽ ലൈറ്റ് ഷോ കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായിരുന്നു.
ഏഥൻസിലെ അക്രോപോളിസ്, ദുബായിലെ ബുർജ് ഖലീഫ എന്നിവയുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലെല്ലാം വൻ ആഘോഷ പരിപാടികൾ അരങ്ങേറി. സുരക്ഷയും മലിനീകരണവും കണക്കിലെടുത്ത് മിക്ക പ്രധാന നഗരങ്ങളിലും പടക്കങ്ങൾ നിരോധിച്ചതിനാൽ ചൈനയിൽ ആഘോഷങ്ങൾ താരതമ്യേന ശാന്തമായിരുന്നു. എന്നാൽ ആളുകൾ ഒത്തുകൂടുകയും ബെയ്ജിംഗിൽ വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് പ്രകടനം നടത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.