കൊച്ചി: ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സാക്ഷിയായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയ നവകേരള സദസ് ഇന്ന് സമാപിക്കും. ഇനി നവകേരള സദസ് നടക്കാനുള്ളത് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ്. ഇരുമണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തും. വൈകുന്നേരം മൂന്നിനും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍ ചേരുന്നത്.
നവകേരള സദസിന് നേരത്തെ സമാപനമായിരുന്നു. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ സദസാണ് ഇന്നലെയും ഇന്നുമായി തുടരുന്നത്.
പാലാരിവട്ടത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രാത്രി മുഴുവന്‍ സമരവും പ്രതിഷേധവും അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ന് സമാപനം.
അതേസമയം നവകേരള സദസിനിടെ ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനു പിന്നാലെ പാലാരിവട്ടത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. ഏഴ് മണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രി ഒരു മണിക്ക് മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കാന്‍ ആദ്യം പൊലീസ് മുതിര്‍ന്നെങ്കിലും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പിന്നീട് ജാമ്യം നിഷേധിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരും ഡിസിസി അധ്യക്ഷനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യം പൊലീസ് അംഗീകരിക്കാതെ വന്നതോടെയാണ് നാടകീയ സംഭവങ്ങള്‍. കോണ്‍ഗ്രസിന്റെ അസാധാരണ സമരത്തിന് പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ സാക്ഷിയായി. ഒടുവില്‍ സമര സമ്മര്‍ദത്തിന് വഴങ്ങി അര്‍ധരാത്രിയോടെ പൊലീസ് പ്രവര്‍ത്തകരുമായി മജിസ്ട്രേറ്റിന്റെ വീട്ടിലേക്കെത്തുകയും ഒന്നരയോടെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കുകയുമായിരുന്നു.
പിണറായി വിജയന്റെ മുഖത്തേറ്റ തിരിച്ചടിയെന്നാണ് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചത്. നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്നായിരുന്നു ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ വാക്കുകള്‍. ജാമ്യം കിട്ടിയതോടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. കരിങ്കോടി പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.