എരുമേലി: മകളുടെ തിരോധാന കേസിനെ ബാധിച്ചത് ലോക്കല്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. സത്യം പുറത്തുകൊണ്ടു വരുന്നതിന് ഏതറ്റം വരെയും പോകുമെന്നും ജെസ്‌നയുടെ പിതാവ് പറഞ്ഞു.
ഏറെ ശ്രദ്ധ നേടിയ ജസ്‌ന തിരോധാന കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ ഇന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജെയിംസ് ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് കേസിനെ ബാധിച്ചതെന്ന് പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് തന്നെയും ജസ്‌നയുടെ സഹപാഠിയെയും നുണപരിശോധനയ്ക്ക് വരെ ലോക്കല്‍ പോലീസ് വിധേയരാക്കി. അന്വേഷണം തുടക്കത്തിലെ പാളിയെന്നും ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വന്ന ഈ വീഴ്ച കേസിനെ ബാധിക്കുകയായിരുന്നു എന്നും ജെയിംസ് പറഞ്ഞു.
ജസ്‌ന ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും സത്യം തെളിയാന്‍ ഏതറ്റം വരെയും പോകുമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു. രാവിലെ തന്റെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ അന്വേഷണം തുടരുമെന്ന് അറിയിച്ചുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്‌ന മരിയ ജയിംസ് എന്ന ജസ്‌നയെ കണ്ടെത്താനായില്ലെന്ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്.
ജസ്‌ന വിവാഹിതയായി വിദേശത്തുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്.
2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. മുക്കൂട്ടുതറയിലെ സ്വന്തം വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ട ജസ്‌നയെ കാണാതാകുകയായിരുന്നു.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജസ്‌നയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. എന്തായാലും കാണാതായ ജസ്‌ന എവിടെ എന്നത് ദുരൂഹമായി തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.