പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; സമ്മേളനം ഒരു മണിക്കൂര്‍ നേരത്തെ, നഗരത്തില്‍ രാവിലെ 11 മുതല്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; സമ്മേളനം ഒരു മണിക്കൂര്‍ നേരത്തെ, നഗരത്തില്‍ രാവിലെ 11 മുതല്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനം ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കുട്ടനെല്ലൂരില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ തൃശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. തുടര്‍ന്ന് കാര്‍മാര്‍ഗം തൃശൂരിലെത്തും.

മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി പരിപാടികള്‍ ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കും. തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയെ ജില്ലാ ആശുപത്രി ജംഗ്ഷനു (സ്വരാജ് റൗണ്ട്) സമീപത്തുവെച്ച് ബിജെപി നേതൃത്വം സ്വീകരിക്കും.

തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ദുരത്തില്‍ റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലില്‍, നായ്ക്കനാല്‍ വഴി പിന്നിട്ട് തേക്കിന്‍കാട് മൈതാനിയിലെ സമ്മേളന വേദിയില്‍ എത്തി അവസാനിക്കും.

ഈ വേദിയില്‍വെച്ച് വന്‍ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസരിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളും ക്ഷണിക്കപ്പെട്ട പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുന്‍ രാജ്യസഭാ എംപിയും പ്രശസ്ത സിനിമാ താരവുമായ സുരേഷ് ഗോപിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 4.30 ഓടെ സമ്മേളനം സമാപിക്കും.

തുടര്‍ന്ന് കുട്ടനെല്ലൂരില്‍ തിരിച്ചെത്തി അവിടെ നിന്ന് പ്രധാനമന്ത്രി നെടുമ്പാശേരിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും മടങ്ങും.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടത്തുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത് എന്നാണ് പറയുന്നതെങ്കിലും ബിജെപിയുടെ 2024 ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ ആരംഭം കേരളത്തില്‍ കുറിക്കുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ബിജെപി സംസ്ഥാന നേതൃത്വം.

പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.