മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ എത്തി; യുഡിഎഫില്‍ നിന്ന് ലീഗ് പ്രതിനിധി മാത്രം

മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ എത്തി; യുഡിഎഫില്‍ നിന്ന് ലീഗ് പ്രതിനിധി മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്തുമസ്, പുതുവത്സര വിരുന്നില്‍ കര്‍ദിനാള്‍ ക്ലിമിസ് മാര്‍ ബസേലിയോസ് കാതോലിക്ക ബാവ ഉള്‍പ്പെടെയുള്ള മത മേലധ്യക്ഷന്‍മാര്‍ പങ്കെടുത്തു.

മന്ത്രി സജി ചെറിയാന്‍ ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നത് വരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മന്ത്രി രംഗത്തെത്തി. ഇതോടെയാണ് ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ എത്താമെന്ന് സഭാ നേതൃത്വം സര്‍ക്കാരിനെ അറിയിയിച്ചത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പങ്കെടുത്തതിനെയാണ് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന വിരുന്നില്‍ യുഡിഎഫില്‍ നിന്ന് മുസ്ലീം ലീഗിലെ പി.വി അബ്ദുള്‍ വഹാബ് എംപി മാത്രമാണ് പങ്കെടുത്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി നടത്തിയ വിരുന്നില്‍ 570 പേരായിരുന്നു പങ്കെടുത്തത്. 9,24,160 രൂപയായിരുന്നു മുന്‍ വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.