ആറു വിക്കറ്റോടെ കൊടുങ്കാറ്റായി സിറാജ്; ദക്ഷിണാഫ്രിക്ക 55ന് പുറത്ത്, ഇന്ത്യ 153 റണ്‍സിന് പുറത്ത്; 98 റണ്‍സിന്റെ ലീഡ്, അവസാന 6 വിക്കറ്റ് പോയത് 11 പന്തിനിടെ

ആറു വിക്കറ്റോടെ കൊടുങ്കാറ്റായി സിറാജ്; ദക്ഷിണാഫ്രിക്ക 55ന് പുറത്ത്, ഇന്ത്യ 153 റണ്‍സിന് പുറത്ത്; 98 റണ്‍സിന്റെ ലീഡ്, അവസാന 6 വിക്കറ്റ് പോയത് 11 പന്തിനിടെ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ആദ്യദിനം മേല്‍ക്കൈ നേടാനുള്ള അവസരം നഷ്ടപ്പെടുത്തി ടീം ഇന്ത്യ. പേസര്‍മാരുടെ കരുത്തില്‍ കേവലം 55 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയ ഇന്ത്യ ആദ്യദിനം തങ്ങളുടേതാക്കി മാറ്റാനുള്ള അസുലഭ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 153 എന്ന നിലയില്‍ നിന്ന് 11 പന്തുകള്‍ക്കിടെ അവസാന ആറു വിക്കറ്റുകളും നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മികച്ച ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് തകര്‍ത്തത്. കളിയുടെ നാലാം ഓവറില്‍ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രത്തിന്റെ വിക്കറ്റ് വീഴ്ത്തി വേട്ട തുടങ്ങിയ സിറാജ് ഒമ്പതോവറില്‍ കേവലം 15 റണ്‍സ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റ് നേടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിറാജിന്റേത്.

ഒരു ടെസ്റ്റ് മല്‍സരത്തിന്റെ ഉച്ചഭക്ഷണത്തിന് മുന്‍പ് അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സിറാജ് സ്വന്തമാക്കി. ബുംറയും മുകേഷ് കുമാറും ഈ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പിന്തുണ നല്‍കി.

ടെസ്റ്റ് ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ഏഴാമത്തെ സ്‌കോറാണിത്. 1932ല്‍ ഓസീസിനെതിരെ മെല്‍ബണില്‍ 36, 45 റണ്‍സിന് പുറത്തായതിനു ശേഷം കഴിഞ്ഞ 91 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ദക്ഷിണാഫ്രിക്ക നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്.

ഇന്ത്യയ്‌ക്കെതിരെ ഏതൊരു ടീമും നേടുന്ന ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോറുമാണ് ഇന്നത്തെ 55. ഇതിന് മുന്‍പ് ന്യൂസിലന്‍ഡ് നേടിയ 62 റണ്‍സായിരുന്നു ഇന്ത്യയ്‌ക്കെതിരായ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോര്‍. 2021ല്‍ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലായിരുന്നു അത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് തുടക്കത്തിലെ തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ രോഹിത് ശര്‍മയും ഗില്ലും ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ കളിയിലേക്ക് ദക്ഷിണാഫ്രിക്ക തിരിച്ചെത്തി.

രോഹിത് ശര്‍മ 39 റണ്‍സും ഗില്‍ 36 റണ്‍സും നേടി. കോലി 46 റണ്‍സ് നേടി ടോപ് സ്‌കോററായി. റബാദ, എന്‍ഗിഡി, ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

നാലു വിക്കറ്റിന് 153 എന്ന ശക്തമായ നിലയില്‍ വന്‍ലീഡ് പ്രതീക്ഷിച്ച ഇന്ത്യയുടെ അവസാന 6 വിക്കറ്റുകള്‍ 11 പന്തിന്റെ ഇടവേളയില്‍ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക മല്‍സരത്തിലേക്ക് തിരിച്ചെത്തിയത്.

നിലവില്‍ ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര കൈപിടിയിലാക്കാന്‍ സമനില മതിയാകും. എന്നാല്‍ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.