തൃശൂര്‍ 'ഇങ്ങെടുക്കാനെത്തിയ' പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ 'മോഡിയുടെ ഗ്യാരന്റി' ആവര്‍ത്തിച്ചത് 18 തവണ; അതില്‍ ഒന്നില്‍ പോലും മണിപ്പൂരില്ല

തൃശൂര്‍ 'ഇങ്ങെടുക്കാനെത്തിയ' പ്രധാനമന്ത്രിയുടെ  പ്രസംഗത്തില്‍ 'മോഡിയുടെ ഗ്യാരന്റി' ആവര്‍ത്തിച്ചത് 18 തവണ; അതില്‍ ഒന്നില്‍ പോലും മണിപ്പൂരില്ല

കൊച്ചി: തൃശൂര്‍ 'ഇങ്ങെടുക്കാനുള്ള' സുരേഷ് ഗോപിയുടെ ആഗ്രഹ സാഫല്യത്തിനായി പൂര നഗരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുക്കാല്‍ മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ 'മോഡിയുടെ ഗ്യാരന്റി' എന്ന് 18 പ്രാവശ്യം ആവര്‍ത്തിച്ചിട്ടും ആ ഗ്യാരന്റികളില്‍ ഒന്നു പോലും മണിപ്പൂരിന്റെ കാര്യത്തിലുണ്ടായില്ല.

ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന തൃശൂര്‍ സുരേഷ് ഗോപിക്ക് 'എടുക്കണമെങ്കില്‍' മണ്ഡലത്തിലെ ക്രിസ്ത്യാനികളുടെ വോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ വീഴണമെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും മണിപ്പൂരിന്റെ തെരുവുകളില്‍ ചിന്തുന്ന ക്രൈസ്തവ രക്തത്തെപ്പറ്റി ഒരക്ഷരം പറയാനോ, അക്കാര്യത്തില്‍ ക്രൈസ്തവര്‍ക്ക് ഒരു ഗ്യാരന്റി കൊടുക്കുവാനോ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയം.

മണിപ്പൂര്‍ എന്ന കൊച്ചു സംസ്ഥാനത്തെ അശാന്തിയുടെ നാടാക്കി മാറ്റിയ വംശീയ കലാപത്തില്‍ നിരവധി ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ആരാധനാലയങ്ങളും ഭവനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടും പ്രധാനമന്ത്രി തുടരുന്ന നിഗൂഢമായ ഈ മൗനമാണ് രാജ്യത്തെമ്പാടുമുള്ള ക്രൈസ്തവരെ കൂടുതല്‍ ഭയചകിതരാക്കുന്നത്.

മണിപ്പൂരില്‍ മാത്രമല്ല, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, അസം തുടങ്ങി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയാമായിരുന്നിട്ടും ക്രൈസ്തവ വോട്ടുകള്‍ അതി നിര്‍ണായകമായ തൃശൂര്‍ പോലുള്ളൊരു ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കിക്കോഫ് ചെയ്യാനെത്തിയ പ്രധാനമന്ത്രി ക്രൈസ്തവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പ്രഖ്യാപനം പോലും നടത്തിയില്ല എന്നത് ഗൗരവകരമായി കാണേണ്ട ഒന്നാണ്.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്ക് വിരുന്നൊരുക്കിയതു കൊണ്ടോ, അവര്‍ക്ക് നന്ദി പറഞ്ഞ് സുഖിപ്പിക്കാന്‍ ശ്രമിച്ചതു കൊണ്ടോ സാധാരണ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഇന്ത്യയുടെ പ്രധാനമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം. അദേഹത്തിന് അതിനാവുന്നില്ലെങ്കില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ തങ്ങളുടെ പ്രിയ നേതാവിനോട് അക്കാര്യം പറഞ്ഞു കൊടുക്കണം.

മണിപ്പൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹിന്ദു വര്‍ഗീയ വാദികള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്കെതിരെ അഴിഞ്ഞാടുമ്പോള്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ പോലും ക്രൈസ്തവ വോട്ടുകള്‍ നേടി ലോക്‌സഭയിലോ നിയമസഭയിലോ എത്താമെന്ന അതിമോഹം ബിജെപിക്ക് വേണ്ട.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.