മകളുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണം: മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍

മകളുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണം: മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍

പിറവം: മകളുടെ ദുരൂഹ മരണത്തില്‍ നീതി തേടി മിഷേല്‍ ഷാജിയുടെ മാതാപിതാക്കള്‍. മിഷേലിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ഒന്നിന് പിറവത്ത് നടന്ന നവകേരള സദസിലാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.

മകളുടെ മരണം ആത്മഹത്യയാക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നീതി ചോദിച്ചു വാങ്ങേണ്ടത് നമ്മുടെ ആവശ്യമായതു കൊണ്ടും എന്നെങ്കിലും നീതി നടപ്പാകും എന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ് വീണ്ടും പരാതി നല്‍കിയതെന്ന് മിഷേലിന്റെ പിതാവ് ഷാജി പറയുന്നു.

ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നത്. ആദ്യ ദിവസം മുതല്‍ പൊലീസിന് കൃത്യമായ നിര്‍ദേശം ഉന്നതങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അവര്‍ ഒതുക്കിവച്ച കേസില്‍ അവരില്‍ നിന്നും തന്നെ നീതി ലഭിക്കുമെന്നത് ഒരു വിശ്വാസം മാത്രമാണെന്നും ഷാജി വ്യക്തമാക്കി.

2017 മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിലെ ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേലിനെ പിന്നീട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍
മിഷേലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ ദേഹത്ത് കണ്ട പാടുകളും എഫ്‌ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവിന്റെ ചോദ്യം. മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്ന ആളായിരുന്നു മിഷേലെന്നും അമ്മയും ഉറപ്പിച്ച് പറയുന്നു.

മിഷേലിനെ കാണാതായ മാര്‍ച്ച് അഞ്ചിന് രാത്രി എറണാകുളത്തെ വനിതാ പൊലീസ് സ്റ്റേഷന്‍, കസബ പൊലീസ് സ്റ്റേഷന്‍, സെന്‍ട്രന്‍ പൊലീസ് സ്റ്റേഷന്‍ എന്നിവടങ്ങളില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഷാജി പറയുന്നു. മകളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കി എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് കേണപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. കേസ് തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞാണ് വനിതാ പൊലീസ് സ്റ്റേഷന്‍കാര്‍ ഒഴിവാക്കിയതെന്നും പിതാവ് പറയുന്നു.

കസബ പൊലീസുകാര്‍ പരാതി മുഴുവന്‍ കേട്ടശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. ഒടുവില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ രാവിലെ അന്വേഷിക്കാം എന്നായിരുന്നു മറുപടിയെന്നും അദേഹം പറഞ്ഞു. മിഷേല്‍ കലൂര്‍ പള്ളിയില്‍ പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി പരിശോധിക്കാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഒറ്റയ്ക്കു പോയി അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഷാജി വ്യക്തമാക്കുന്നു. ഒടുവില്‍ രാത്രി തങ്ങള്‍ തന്നെയാണ് പള്ളിയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. മിഷേല്‍ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നെന്നും അദേഹം പറയുന്നു.

രാത്രി പത്തിന് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും പിറ്റേ ദിവസത്തെ തീയതി ഇട്ടതിന് ശേഷമാണ് പരാതി സ്വീകരിച്ചത്. ഒരു നടന്റെ മകന് ഉള്‍പ്പെടെ കേസില്‍ പങ്കുണ്ടെന്നും ഷാജി ആരോപിക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടാണ് പൊലീസ് നിഷ്‌ക്രിയരായതെന്ന് ഷാജി തറപ്പിച്ച് പറയുന്നു.

ഡോ. ഉമാ ദത്തന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഫോറന്‍സിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോള്‍ മിഷേലിന്റേത്
കൊലപാതകമാണെന്ന നിഗമനത്തിലാണ് എത്തിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. അതുകൊണ്ടു തന്നെ നീതി വൈകുന്നതിനെതിരെ പോരാട്ടം ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.