കാല്‍പ്പന്തു പ്രതിഭകളെ കണ്ടെത്താന്‍ 'ഇന്ത്യ ഖേലോ ഫുട്‌ബോള്‍' ട്രയല്‍സ് യുഎഇയില്‍

കാല്‍പ്പന്തു പ്രതിഭകളെ കണ്ടെത്താന്‍ 'ഇന്ത്യ ഖേലോ ഫുട്‌ബോള്‍' ട്രയല്‍സ് യുഎഇയില്‍

ദുബായ്: ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിട്ട് ആരംഭിച്ച 'ഇന്ത്യ ഖേലോ ഫുട്‌ബോള്‍' (ഐകെഎഫ്) മാര്‍ക്കറ്റിംഗ്, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബ്‌ളൂ ആരോസുമായി കൈ കോര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കുന്നു.

യുഎഇയിലെ ട്രയല്‍സ് ജനുവരി 20, 21 തീയതികളില്‍ യഥാക്രമം അജ്മാനിലും ദുബായിലുമാണ് നടത്തുക. മുഴുവന്‍ ടാലന്റ് പ്രോഗ്രാമുകളും റെക്കോര്‍ഡ് ചെയ്യുന്നതാണ്. ടാലന്റ് ഹണ്ടിന്റെ അവസാന ഘട്ടം 2024 ഫെബ്രുവരി 4ന് പ്രമുഖ ഫുട്‌ബോള്‍ ക്‌ളബ്ബുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടക്കുക.

ഫുട്‌ബോള്‍ പ്രതിഭകളെ ഇന്ത്യന്‍, യൂറോപ്യന്‍ ഫുട്‌ബോള്‍ അക്കാദമികളിലേക്ക് തെരഞ്ഞെടുത്ത് പരിശീലനം നല്‍കാനും തുടര്‍ന്ന്, ലോകമെമ്പാടുമുള്ള പ്രശസ്ത ഫുട്‌ബോള്‍ ക്‌ളബ്ബുകളില്‍ മെഗാ പ്‌ളേസ്‌മെന്റ് നേടാനും വഴിയൊരുക്കുന്ന വിധത്തിലുള്ള ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ഐകെഎഫ് സ്ഥാപകന്‍ ഫാനി ഭൂഷണ്‍ അറിയിച്ചു.

പ്രതിഭകളെ കണ്ടെത്താന്‍ വേണ്ടി മാത്രമല്ല ബ്‌ളൂ ആരോസുമായി തങ്ങള്‍ ഒരുമിക്കുന്നതെന്നും, ഫുട്‌ബോള്‍ പ്രേമികളുടെ ഒരു ആഗോള കൂട്ടായ്മ രൂപീകരിക്കലും ഇതിന്റെ ലക്ഷ്യമാണെന്നും ഐകെഎഫ് സഹ സ്ഥാപകന്‍ ഹിതേഷ് ജോഷി പറഞ്ഞു. ബ്‌ളൂ ആരോസുമായ് സഹകരിച്ചു കൊണ്ടുള്ള പങ്കാളിത്തം അറിയപ്പെടാത്ത ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും ഐഎസ്എല്‍, ഐലീഗ് പോലുള്ള മല്‍സരങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനും തങ്ങളെ പ്രാപ്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഖത്തറില്‍ 2022ല്‍ നടന്ന ഫിഫ ലോക കപ്പിന് ശേഷം യുഎഇ അടക്കമുള്ള മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഫുട്‌ബോളിനോടുള്ള താല്‍പര്യം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ടെന്നും ഈ അഭിനിവേശത്തെ ഉത്തേജിപ്പിക്കുന്ന മികച്ച നീക്കമാണിതെന്നും ബ്‌ളൂ ആരോസ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നുള്ള രാജേഷ് രവി മേനോന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അയ്യായിരത്തിലധികം പ്രതിഭകളുടെ പങ്കാളിത്തത്തോടെ രാജ്യത്തുടനീളമുള്ള 40 നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരിശീലന സീസണുകള്‍ നടത്തിയത്. ആഗോള ഫുട്‌ബോള്‍ അക്കാദമികള്‍, ക്‌ളബ്ബുകള്‍, ഫുട്‌ബോളിനെ ലോകാടിസ്ഥാനത്തില്‍ പരിപോഷിപ്പിക്കുന്നതിന് പുത്തന്‍ പ്രതിഭകളെ തേടാനാഗ്രഹിക്കുന്ന ഏജന്റുമാര്‍ എന്നിവരുടെ മുന്നിലാണ് ട്രയല്‍ ഗെയിമുകള്‍ നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.