കെ.എസ്.യു നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം: ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത തെറ്റെന്ന് പോലീസ്; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

കെ.എസ്.യു നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം: ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത തെറ്റെന്ന് പോലീസ്; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തെറ്റെന്ന് പൊലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതായി സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. കേരള സര്‍വകലാശാലയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്നായിരുന്നു അന്‍സിലിനെതിരായ കേസ്.

മുന്‍ എസ്‌ഐഫ്‌ഐ. നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അന്‍സില്‍ ജലീലിനെതിരെ ആരോപണവുമായി പാര്‍ട്ടി മുഖപത്രം രംഗത്തെത്തിയത്.

പി.ജി പ്രവേശനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതില്‍ മുന്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരേയും ആരോപണം ഉയര്‍ന്നത് ഇക്കാലത്തായിരുന്നു.

പാര്‍ട്ടി മുഖപത്രത്തിന്റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതി ഡി.ജി.പിക്ക് നല്‍കുകയും അത് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറുകയുമായിരുന്നു.

കന്റോണ്‍മെന്റ് പോലീസായിരുന്നു കേസില്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.