ന്യൂഡല്‍ഹി: ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ എണ്ണം ബാങ്കുകളില്‍ കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ ഇതുവരെ ക്ലെയിം നല്‍കാത്ത അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തി ഉടന്‍ പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് നിര്‍ദേശം.
ഇത്തരം അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ ബാങ്കുകള്‍ ഇടയ്ക്കിടെപ്രത്യേക ഡ്രൈവുകള്‍ നടത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അടുത്ത ഏപ്രില്‍ ഒന്ന് മുതലാണ് ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ തോത് കുറയ്ക്കുന്നതിനും അത്തരം നിക്ഷേപങ്ങള്‍ അവരുടെ യഥാര്‍ത്ഥ ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരികെ നല്‍കുന്നതിനുമായി ബാങ്കുകളും ആര്‍ബിഐയും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
പ്രവര്‍ത്തന രഹിതമായ ബാങ്ക് അക്കൗണ്ടുകള്‍, ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ എന്നീ രണ്ടു വിഷയങ്ങളും പരിഗണിച്ച് ബാങ്കുകള്‍ ഉടന്‍ തന്നെ നടപ്പാക്കേണ്ട നടപടികളെ കുറിച്ചാണ് ആര്‍ബിഐയുടെ അറിയിപ്പ്.
അത്തരം അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും ആനുകാലിക അവലോകനം ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പ് തടയുന്നതിന്റെ ഭാഗം കൂടിയാണെന്നും ആര്‍ബിഐ പറഞ്ഞു. പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍, രണ്ടു വര്‍ഷത്തിലധികം ഇടപാടുകളൊന്നും നടക്കാത്ത സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളെ പ്രവര്‍ത്തന രഹിതമായി കണക്കാക്കും.
കൂടാതെ പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ആയി ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന ഡെപ്പോസിറ്റ് അക്കൗണ്ടിലെ ക്രെഡിറ്റ് ബാലന്‍സ്, റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റും.
ഇതിനുപുറമേ പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുന്നതിനും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഉപയോക്താക്കളെ കണ്ടെത്തുന്നതിനും ബാങ്കുകള്‍ കത്ത്, ഇമെയില്‍, എസ്എംഎസ് എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
ഇതില്‍ ഇമെയില്‍, എസ്എംഎസ് എന്നിവ മൂന്നുമാസം കൂടുമ്പോള്‍ ബാങ്കുകള്‍ അയക്കണം. ഇനി ഇത്തരം ഉപയോക്താക്കളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്ന സമയത്ത് അക്കൗണ്ട് ഉടമയെ ബാങ്കിന് പരിചയപ്പെടുത്തിയ ആളുമായി ബാങ്കുകള്‍ ബന്ധപ്പെടേണ്ടതാണെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.