ടി20 2024 ലോകകപ്പില്‍ ഇന്ത്യ പാക് പോരാട്ടം ജൂണ്‍ ഒമ്പതിന്; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

ടി20 2024 ലോകകപ്പില്‍ ഇന്ത്യ പാക് പോരാട്ടം ജൂണ്‍ ഒമ്പതിന്; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

മുംബൈ: ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ ഫിക്‌സ്ചര്‍ ഐസിസി പുറത്തുവിട്ടു. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന്റെ തിരശീല ജൂണ്‍ ഒന്നിന് ഉയരും.

ഉദ്ഘാടന മല്‍സരത്തില്‍ അമേരിക്കയും ക്യാനഡയും ഏറ്റുമുട്ടും. ജൂണ്‍ 29നാണ് ഫൈനല്‍. അമേരിക്കയിലെ മൂന്നും വെസ്റ്റ് ഇന്‍ഡീസിലെ ആറും മൈതാനങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. ആകെ 41 മല്‍സരങ്ങളാണ് 29 ദിവസം നീളുന്ന കുട്ടിക്രിക്കറ്റിന്റെ മാമാങ്കത്തിലുണ്ടാവുക.

അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, യുഎസ്എ, ക്യാനഡ രാജ്യങ്ങളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ജൂണ്‍ അഞ്ചിന് ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ നേരിടുന്ന ടീം ഇന്ത്യ രണ്ടാം മല്‍സരത്തില്‍ പാകിസ്ഥാനെ നേരിടും. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യ-പാക് പോരാട്ടം.

തുടര്‍ന്ന് 12, 15 തീയതികളില്‍ യഥാക്രമം യുഎസ്എ, ക്യാനഡ ടീമുകള്‍ക്കെതിരെയും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ മല്‍സരിക്കും. ന്യൂയോര്‍ക്കിലാണ് ഇന്ത്യയുടെ ആദ്യ മൂന്നു മല്‍സരങ്ങളും നടക്കുക. നാലാം മല്‍സരത്തില്‍ ഫ്‌ളോറിഡയില്‍ വെച്ച് ഇന്ത്യ ക്യാനഡയെ നേരിടും.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറും. ജൂണ്‍ 19 മുതലാണ് നോക്കൗട്ട് പോരാട്ടങ്ങള്‍ ആരംഭിക്കുക. ആദ്യ സെമിഫൈനല്‍ 26ന് ഗയാനയിലും രണ്ടാം സെമിഫൈനല്‍ 27ന് ട്രിനിഡാഡിലുമായി നടക്കും. ഫൈനലിന് ബാര്‍ബഡോസ് വേദിയാകും.

ലോക ടി20 റാങ്കിംഗിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ ബാക്കിയുള്ള 12 രാജ്യങ്ങള്‍ യോഗ്യതാ മല്‍സരങ്ങള്‍ കളിച്ചാണ് ലോകകപ്പിന് അര്‍ഹത നേടുന്നത്. ഇങ്ങനെ ആകെ 20 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.