ഉമ്മന്‍ ചാണ്ടി നയിച്ചേക്കും... തരൂര്‍ കീ റോളിലേക്ക്; ഗ്രൂപ്പ് മാനേജര്‍മാരുടെ കട്ടയും പടവും മടങ്ങും

ഉമ്മന്‍ ചാണ്ടി നയിച്ചേക്കും... തരൂര്‍ കീ റോളിലേക്ക്;  ഗ്രൂപ്പ് മാനേജര്‍മാരുടെ കട്ടയും പടവും മടങ്ങും

കൊച്ചി: മുസ്ലീം ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ ഉമ്മന്‍ ചാണ്ടി തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എന്ത് വിലകൊടുത്തും സംസ്ഥാനത്ത് അധികാരം പിടിക്കണമെന്ന് നിര്‍ബന്ധമുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായുണ്ടാകാവുന്ന മറ്റൊരു രാഷ്ട്രീയ നീക്കം ശശി തരൂരിന്റെ കാര്യത്തിലാണ്. തരൂരിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക റോളണ്ടാകും. രാഹുല്‍ ഗാന്ധിയുടെ താല്‍പര്യം അതാണ്. യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് ശശി തരൂരിന് പ്രാധാന്യം നല്‍കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളോട് സൂചിപ്പിച്ചിട്ടുണ്ട്. രാഹുലിന്റെ ന്യായ് പദ്ധതി അടക്കമുള്ള കാര്യങ്ങള്‍ പ്രകടന പത്രികയില്‍ വിശദമായി ഉള്‍ക്കൊള്ളിക്കാന്‍ കൂടിയാണ് തരൂരിന്റെ വരവ്. ന്യായ് പദ്ധതിയെ തുടക്കം മുതല്‍ പിന്തുണച്ച വ്യക്തിയാണ് തരൂര്‍.

ഹൈക്കമാന്‍ഡിന്റെ പ്രത്യേക മേല്‍ നോട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലാത്ത തരൂരിന് നിര്‍ണായക റോള്‍ ലഭിക്കുന്നതോടെ ഗ്രൂപ്പ് അടിസ്ഥാന സീറ്റ് വീതം വയ്പ്പുകാരുടെ കട്ടയും പടവും മടങ്ങും. ഇത് സംസ്ഥാന കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചേക്കാമെന്നും ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ 20 സീറ്റെന്ന ആവശ്യം മിക്കവാറും അംഗീകരിക്കപ്പെടും. ഓരോ മണ്ഡലത്തിലും പരിഗണിക്കാന്‍ കഴിയുന്ന വിജയ സാധ്യതയുള്ള, അമ്പതില്‍ താഴെ പ്രായമുള്ള പുതുഖങ്ങളുടെ പട്ടിക കൈമാറാന്‍ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ഘടക കക്ഷികളുടേയും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും ആവശ്യം ഗൗരവമായി പരിഗണിക്കുന്ന ഹൈക്കമാന്‍ഡിന് മുന്നിലുള്ള തടസം രമേശ് ചെന്നിത്തലയുടെ എതിര്‍പ്പാണ്. എന്നാല്‍ എ ഗ്രൂപ്പും വി.എം സുധീരനെപ്പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചില മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ ചാണ്ടി വരട്ടെ എന്ന അഭിപ്രായക്കാരാണ്. ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിച്ചാല്‍ വിജയ സാധ്യത കൂടുമെന്നാണ് നേതാക്കളുടെ പൊതുവേയുള്ള അഭിപ്രായം.

എന്നാല്‍ മുഖ്യമന്ത്രി പദത്തിന് ഇരുവരും യോഗ്യരാണന്ന കാഴ്ച്ചപ്പാടാണ് ഹൈക്കമാന്‍ഡിനുള്ളത്. അതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാള്‍ മുഖ്യമന്ത്രിയാകും. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇതേ ഫോര്‍മുലയിലൂടെയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറാനും സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ മലബാര്‍ മേഖലയിലെ ഏതെങ്കിലും സീറ്റുകളില്‍ അദ്ദേഹം ജനവിധി തേടും.

എന്നാല്‍ മുല്ലപ്പള്ളിയെ നിലനിര്‍ത്തി ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്ന കാര്യവും ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. തൃശൂര്‍, കോഴിക്കോട് ഡിസിസികള്‍ ഒഴികെ മറ്റിടത്തെല്ലാം മാറ്റമുണ്ടാവുമെന്നാണ് സൂചന. ഭാരവാഹികള്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. ഇരട്ട പദവി വഹിക്കുന്ന എറണാകുളം, പാലക്കാട്, വയനാട്, ഡിസിസി പ്രസിഡന്റുമാര്‍ മാറുമെന്ന് ഉറപ്പായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.