സീറോ മലബാര്‍ സഭയ്ക്ക് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്; തിരഞ്ഞെടുപ്പിനുള്ള സിനഡ് സമ്മേളനത്തിന് നാളെ തുടക്കം

 സീറോ മലബാര്‍ സഭയ്ക്ക് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്; തിരഞ്ഞെടുപ്പിനുള്ള സിനഡ് സമ്മേളനത്തിന് നാളെ തുടക്കം

കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനത്തിന് നാളെ തുടക്കമാകും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാരാണ് ജനുവരി 13 വരെ നീണ്ടു നില്‍ക്കുന്ന സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സമ്മേളനത്തിന്റെ രണ്ടാം ദിനമായിരിക്കും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുക. ആറ് റൗണ്ട് വോട്ടെടുപ്പ് നടക്കും. ആദ്യ റൗണ്ടില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും.

സിനഡ് തിരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം നടക്കും. തുടർന്നു സ്ഥാനാരോഹണവും നടക്കുമെന്ന് സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്‍മായർക്കുമായി പുറപ്പെടുവിച്ച സർക്കുലറിൽ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു.

സീറോ മലബാർ സഭയെ നയിക്കാനുള്ള ശുശ്രൂഷാപദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നതിന് എല്ലാവരും പ്രാർത്ഥിക്കണമെന്നും ഇതിനായി തയാറാക്കിയിട്ടുള്ള പ്രാർത്ഥന ജനുവരി 13 വരെ സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷവും കുടുംബങ്ങളിൽ സായാഹ്നപ്രാർത്ഥന യ്ക്കുശേഷവും ചൊല്ലണമെന്നും അഡ്‌മിനിസ്ട്രേറ്റർ ഓർമിപ്പിച്ചു.

പൗരസ്ത്യ കത്തോലിക്ക സഭയുടെ കാനോന്‍ നിയമം അനുസരിച്ചാണ് സീറോ മലബാര്‍ സഭയുടെ തലവനെ തിരഞ്ഞെടുക്കേണ്ടത്. കാനോന 63 മുതലുള്ള പാത്രിയര്‍ക്കീസ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച കാനോനകള്‍ തന്നെയാണ് നിലവിലെ സഭാതലവന്റെ സ്ഥാനമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തിനും ബാധകമാവുക. കാനോന്‍ 153/3 മാത്രമാണ് മേജര്‍ ആർച്ച് ബിഷപ്പ് തിരഞ്ഞെടുപ്പിലെ പ്രത്യേക നിയമം .

നിയമ പ്രകാരം സീറോ - മലബാര്‍ സഭാസിനഡ് അംഗങ്ങള്‍ക്കാണ് സിനഡില്‍ വോട്ടവകാശമുള്ളത്. നിലവില്‍ 65 ബിഷപ്പുമാരാണ് സീറോ മലബാര്‍ സഭയില്‍ ഉള്ളത്. എന്നാല്‍ മാര്‍പാപ്പാ നിയമം പരിഷ്‌കരിച്ചതോടെ പൗരസ്ത്യസഭകളുടെ സിനഡില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള വിരമിച്ച മെത്രാന്‍മാര്‍ക്ക് വോട്ടവകാശമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.