കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രിയില്‍ ലാന്‍ഡിങ്; വ്യോമ സേനയുടെ യുദ്ധ വിമാനം പറന്നിറങ്ങിയത് പുതു ചരിത്രത്തിലേക്ക്

കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രിയില്‍ ലാന്‍ഡിങ്; വ്യോമ സേനയുടെ യുദ്ധ വിമാനം പറന്നിറങ്ങിയത് പുതു ചരിത്രത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയുടെ സി 130 ജെ യുദ്ധ വിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ ഇന്നലെ രാത്രിയില്‍ പറന്നിറങ്ങി ചരിത്രം കുറിച്ചു. അതീവ ദുഷ്‌കരമായ ലാന്‍ഡിങ് വിജയകരമായി നടത്തിയ വിവരം വ്യോമസേന തന്നെയാണ് എക്സിലൂടെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സേന പങ്കു വെച്ചിട്ടുണ്ട്.

'ഇതാദ്യമായി ഇന്ത്യന്‍ വ്യോമ സേനയുടെ സി 130 ജെ വിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രി ലാന്‍ഡിങ് നടത്തിയിരിക്കുന്നു.' -വീഡിയോ പങ്കുവെച്ച കൊണ്ട് ഇന്ത്യന്‍ വ്യോമസേന എക്സില്‍ കുറിച്ചു. ലാന്‍ഡിങ്ങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തു വിട്ടിട്ടില്ല.

പൈലറ്റുമാര്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന എയര്‍ സ്ട്രിപ്പാണ് കാര്‍ഗിലിലേത്. സമുദ്രനിരപ്പില്‍ നിന്ന് 2676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിലെ കാലാവസ്ഥയും വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെ ദുഷ്‌കരമാക്കുന്നു. അത്യധികം വൈദഗ്ധ്യമുള്ള പൈലറ്റുമാര്‍ക്കുപോലും ഇവിടെ വിമാനം ലാന്‍ഡ് ചെയ്യിക്കുക എന്നത് ഒട്ടും എളുപ്പമല്ല.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി 130 ഹെര്‍ക്കുലീസ് വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം. നാല് എന്‍ജിനുകളുള്ള ടര്‍ബോ പ്രൊപ് മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റായ സി 130 ജെ മുന്‍ഗാമിയെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മുന്നിലാണ്.

രണ്ട് പൈലറ്റുമാര്‍ അടക്കം മൂന്ന് പേര്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കാം. 19051 കിലോഗ്രാം ചരക്ക് വഹിക്കാന്‍ ശേഷിയുള്ള വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 644 കിലോ മീറ്ററാണ്. പരമാവധി ഭാരം വഹിച്ചുകൊണ്ട് ഒറ്റപ്പറക്കലില്‍ 3300 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിന് കഴിയും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യോമസേനയുടെ സി 130 ജെ 30 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഉത്തരാഖണ്ഡിലെ അതീവ ദുര്‍ഘടമായ എയര്‍സ്ട്രിപ്പില്‍ വിജയകരമായി ലാന്‍ഡ് ചെയ്തിരുന്നു. സൈനികാവശ്യത്തിനുള്ള സാമഗ്രികള്‍ കൊണ്ടുപോകാനുള്ള വിമാനമാണ് ഇത്.

സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായാണ് ഈ വിമാനം അന്ന് പറന്നിറങ്ങിയത്. കലാപം നടക്കുകയായിരുന്ന സുഡാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 121 പേരെ ഇന്ത്യയിലെത്തിക്കാനുള്ള ദൗത്യത്തിലെ മുഖ്യ പങ്കാളിയും ഈ വിമാനമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.