ആഗോള കമ്പനികളുടെ ഇഷ്ട ഇടമായി തമിഴ്‌നാട്; കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്പനികള്‍

ആഗോള കമ്പനികളുടെ ഇഷ്ട ഇടമായി തമിഴ്‌നാട്; കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്പനികള്‍

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്പനികള്‍. ചെന്നൈ വേദിയായ ആഗോള നിക്ഷേപ സംഗമത്തിലെയ്ക്ക് ടാറ്റ, റിലയന്‍സ്, ജെഎസ്ഡബ്ല്യൂ തുടങ്ങിയ വന്‍കിട കമ്പനികള്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 12.082 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ അസംബ്ലി യൂണിറ്റാണ് ടാറ്റ ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചത്. 45,500 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ നിക്ഷേപ പദ്ധതികള്‍ക്ക് സാധിക്കും. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് ആക്‌സസറീസ് വിതരണം ചെയ്യുന്ന പെഗട്രോണ്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. 8000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജെഎസ്ഡബ്ല്യൂ എനര്‍ജി 10000 കോടി രൂപയുടെ നിക്ഷേപം നടത്തും. 6,600 പേര്‍ക്ക് ജോലി നല്‍കാന്‍ ഇതിലൂടെ സാധിക്കും. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലാണ് ജെഎസ്ഡബ്ല്യൂ പദ്ധതി പ്രദേശമായി കണക്കാക്കുന്നത്. ഇവി വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണ പ്ലാന്റിന് വേണ്ടി ഹുണ്ടായ് കമ്പനി 6180 കോടി രൂപയുടെ നിക്ഷേപം നടത്താനും ധാരണയായിട്ടുണ്ട്.

വാഹന നിര്‍മ്മാണ കമ്പനിയായ ടിവിഎസ് 5000 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാനിഷ് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയായ എ.പി മൊളര്‍ മര്‍സ്‌ക് തമിഴ്‌നാട്ടിലുടനീളം ഗതാഗത, ലോജിസ്റ്റിക് കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ജനുവരി 7,8 തീയതികളില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി എം. കെ സ്റ്റാലിനാണ് ഉദ്ഘാടനം ചെയ്തത്.

ആദ്യമായി നടക്കുന്ന നിക്ഷേപ സംഗമത്തില്‍ അഞ്ച് ലക്ഷം കോടിയുടെ നിക്ഷേപമാണ് ഡി.എം.കെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.