കനത്ത തിരിച്ചടി; ഇന്ത്യയില്‍ നിന്നുള്ള വിസ ആപ്ലിക്കേഷനുകള്‍ കൂട്ടത്തോടെ നിരസിച്ച് കാനഡ

കനത്ത തിരിച്ചടി; ഇന്ത്യയില്‍ നിന്നുള്ള വിസ ആപ്ലിക്കേഷനുകള്‍ കൂട്ടത്തോടെ നിരസിച്ച് കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഉപരിപഠനത്തിനായി ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വിദേശ രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം ഒപ്പം നല്ല ജോലിയും കുടിയേറ്റ സാധ്യതയുമാണ് കാനഡ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കാനഡ മോഹം മനസിലേറ്റുന്ന ഇന്ത്യക്കാര്‍ക്ക് വലിയ നിരാശ നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ത്യയില്‍ നിന്നുള്ള 40 ശതമാനം വിസ ആപ്ലിക്കേഷനുകളും കാനഡ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കാനഡ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് അപേക്ഷകള്‍ തള്ളിയിരിക്കുന്നതെന്നും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിസകളാണ് ഏറ്റവും കൂടുതല്‍ നിരസിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ജനുവരി ഒന്നിനും 2023 ഏപ്രില്‍ 30 നും ഇടയിലുള്ള കാലയളവില്‍ കനേഡിയന്‍ കോളജുകള്‍ സ്വീകരിച്ച 866,206 സ്റ്റഡി പെര്‍മിറ്റ് അപേക്ഷകരില്‍ 54.3 ശതമാനം
(470,427) ആണ് ഇമിഗ്രേഷന്‍ വിഭാഗം അംഗീകരിച്ചത്. പബ്ലിക് സര്‍വകലാശാലകളെ അപേക്ഷിച്ച് പബ്ലിക് കോളജുകള്‍ സ്വീകരിച്ച അപേക്ഷകളാണ് കൂടുതലായി നിരസിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളിലാകട്ടെ ഇത് വളരെ അധികമാണെന്നും കണക്കുകള്‍ പറയുന്നു.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിച്ച സ്ഥാപനം കോണ്‍സ്റ്റോഗ കോളജായിരുന്നു 61,612. ഇതില്‍ 51 ശതമാനം അപേക്ഷകളാണ് അംഗീകരിച്ചത്. നയാഗ്ര കോളജ് (പ്രധാന കാമ്പസുകള്‍), സെന്റ് ക്ലെയര്‍ എന്നിവയ്ക്ക് യഥാക്രമം 42.6 ശതമാനം, 42 ശതമാനം എന്നിങ്ങനെയാണ് അംഗീകാര നിരക്ക്. ലോയലിസ്റ്റ് കോളജിന് ലഭിച്ചതില്‍ 47 ശതമാനം അപേക്ഷകളാണ് അംഗീകരിച്ചത്. എന്നാല്‍ അതിന്റെ ടൊറന്റോ ബിസിനസ് കോളജ് കാമ്പസില്‍ ഉയര്‍ന്ന നിരക്ക് 65 ശതമാനം ആയിരുന്നു.

അതേസമയം അന്തര്‍ദേശീയ വിദ്യാഭ്യാസ പരിപാടികളുകളുടെ വിശ്വാസം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ കടുത്ത നടപടികള്‍ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത സാഹചര്യവും പ്രധാനം ചെയ്യാനും അവരെ സംരക്ഷിക്കാനും കാനഡയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും വഞ്ചനയും ദുരുപയോഗവും ഇവിടെ നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി മാക് മില്ലര്‍ അടുത്തിടെ പറഞ്ഞിരുന്നു.

കാനഡയില്‍ കുടിയേറ്റം വാഗ്ദാനം ചെയ്ത് പല തരത്തിലുള്ള വ്യാജ റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിച്ചതായും നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.