ന്യൂഡല്‍ഹി: ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാലിദ്വീപ് മന്ത്രിമാര്‍ അധിക്ഷേപിച്ചതില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലെ മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷാഹിബിനെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു.
ഇന്ന് രാവിലെ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനമായ സൗത്ത് ബ്ലോക്കിലേക്ക് മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തത് ഹൈക്കമ്മീഷണര്‍ വിദേശകാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു.
വിവാദ പരാമര്‍ശത്തിന് പിന്നാലെ യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മാലിദ്വീപ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവജന മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ശരീഫ്, അബ്ദുല്ല മഹ്‌സൂം മാജിദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അധിക്ഷേപത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുകയും മാലിദ്വീപിനെ ബഹിഷ്‌കരിക്കാന്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സമൂഹ മാധ്യമ കാമ്പയിന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മോഡി പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മാലിദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോഡി ലക്ഷ്യമിടുന്നത് എന്ന തരത്തില്‍ ചര്‍ച്ചകളും തുടങ്ങി. ഇതിനു പിന്നാലെയാണ് മോഡിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി മറിയം ഷിയുന എക്‌സില്‍ വിവാദ പോസ്റ്റിട്ടത്.
കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും നിരവധി മാലിദ്വീപുകാര്‍ ഇന്ത്യക്കാരെ അവഹേളിക്കുന്ന പ്രതികരണങ്ങളുമായി രംഗത്തു വന്നു. ഇതോടെ 'മാലിദ്വീപിനെ ബഹിഷ്‌കരിക്കൂ' എന്ന ഹാഷ്ടാഗുമായി ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മാലിദ്വീപിനെതിരായും മോഡിക്കും ലക്ഷദ്വീപിനും അനുകൂലമായും സമൂഹ മാധ്യമ കാമ്പയിന്‍ തുടങ്ങി. ഇന്ത്യ ശക്തമായ പ്രതിഷേധവും അറിയിച്ചു.
മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപ് രാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യയെന്നും മാലദ്വീപ് പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മുഹമ്മദ് നഷീദ് വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
മന്ത്രിമാരുടെ പരാമര്‍ശം വ്യക്തിപരമാണെന്നും സര്‍ക്കാര്‍ നയമല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷ ങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മാലി ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയതിനു ശേഷമായിരുന്നു സസ്‌പെന്‍ഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.