ഒര്‍ജിനലിന്റെ പേര് പറഞ്ഞ് വ്യാജ കോഴ്‌സ്: മലപ്പുറത്ത് ഒന്നര കോടിയുടെ തട്ടിപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

ഒര്‍ജിനലിന്റെ പേര് പറഞ്ഞ് വ്യാജ കോഴ്‌സ്:  മലപ്പുറത്ത് ഒന്നര കോടിയുടെ തട്ടിപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: ബംഗളൂരുവിലെ ന്യൂജനറേഷന്‍ ജോബ്‌സ് കമ്പനിയുടെ പേരില്‍ വ്യാജ കോഴ്‌സ് നടത്തി 200 വിദ്യാര്‍ഥികളില്‍ നിന്നായി ഒന്നരക്കോടി തട്ടിയെന്ന് പരാതി. തൊടുപുഴ പൂരപ്പുഴ കണിഞ്ഞി മുണ്ടിയാനിക്കല്‍ എബിന്‍ മാത്യുവിന്റെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.

പെരിന്തല്‍മണ്ണ സ്വദേശികളായ കുന്നപ്പള്ളി കാവുംപുറത്ത് വിജിത് (30), അഖില്‍ (30), എറണാകുളം ചൊവ്വര പള്ളത്തുകടവില്‍ അബ്ദുല്‍ കരിം എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചു. എബിന്‍ മാത്യൂ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ന്യൂജനറേഷന്‍ ജോബ്‌സ് 2018 മുതല്‍ മെഡിക്കല്‍ സ്‌ക്രൈബിങ് രംഗത്ത് കോഴ്‌സ് നടത്തുന്നുണ്ട്. ചുരുങ്ങിയ കാലയളവില്‍ ജോലി ഉറപ്പാക്കാന്‍ സഹായകമായ സിപിഎംഎ കോഴ്‌സ് ആണ് നടത്തി വരുന്നത്. കമ്പനിയുടെ ഫ്രാഞ്ചൈസിയായ ലുമിനിസ് എന്ന സ്ഥാപനത്തിന് പെരിന്തല്‍മണ്ണ ഉള്‍പ്പെടെ കേരളത്തില്‍ ഏഴോളം കേന്ദ്രങ്ങള്‍ ഉണ്ട്്.

2023 വരെ കമ്പനിയുടെ ഡയറക്ടര്‍ ആിരുന്ന എം.എസ് അഖില്‍ സിപിഎംഎസ് എന്ന ഒറിജിനല്‍ പ്രോഗ്രാമിനു പകരം വ്യാജ പ്രോഗ്രാം നിര്‍മിച്ച് കബളിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒറിജിനല്‍ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നല്‍കാം എന്ന് പരസ്യം ചെയ്ത് വിദ്യാര്‍ഥികളെ വ്യാജ പ്രോഗ്രാമില്‍ ചേര്‍ത്ത് പണം തട്ടിയെന്നാണ് ആക്ഷേപം.

ഒരു വിദ്യാര്‍ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ ഫീസായി പിരിച്ചെടുത്ത ശേഷം വ്യാജ പ്രോഗ്രാമില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പ്. ബംഗളൂരുവിലെ കമ്പനിയായ ന്യൂജനറേഷന്‍ ജോബ്‌സിനേയും വിദ്യാര്‍ഥികളെയും ഒരു പോലെ ഇവര്‍ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു. 200 വിദ്യാര്‍ഥികളെ കബളിപ്പിച്ച് ഒന്നര കോടിയോളം പ്രതികള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

വ്യാജ പ്രോഗ്രാം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഖിലിന്റെ തന്നെ ഡയറക്ടര്‍ഷിപ്പില്‍ ബംഗളൂരുവില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് ഡിപ്ലോമ നല്‍കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പെരിന്തല്‍മണ്ണ പൊലീസ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.