മതപരിവര്‍ത്തനമെന്ന വ്യാജ പരാതിയില്‍ മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു; പിന്നില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍

മതപരിവര്‍ത്തനമെന്ന വ്യാജ പരാതിയില്‍ മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു; പിന്നില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍

ഭോപ്പാല്‍: വ്യാജ പരാതിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അനധികൃത റെയ്ഡിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ആതുരാലയം നടത്തി വന്ന മലയാളി സിഎംഐ വൈദികനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

സിഎംഐ സഭയുടെ ഭോപ്പാല്‍ പ്രൊവിന്‍സിന് കീഴിലുള്ള ആഞ്ചല്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മലപ്പുറം നിലമ്പൂര്‍ സ്വദേശിയുമായ ഫാ. അനില്‍ മാത്യുവിനെയാണ് വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ഭോപ്പാലില്‍ സി.ഡബ്ല്യൂ.സി, റെയില്‍വേ പൊലീസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമാറുന്ന കുട്ടികളെ താല്‍ക്കാലികമായി താമസിപ്പിക്കുന്ന പ്രമുഖ സ്ഥാപനമാണ് ആഞ്ചല്‍.

എന്‍ജിഒകള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും ദേശീയ ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനുംഗോ പ്രോട്ടോകോള്‍ പാലിക്കാതെ സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തുകയും രജിസ്റ്ററുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

രജിസ്റ്റര്‍ പ്രകാരം 24 കുട്ടികളുടെ കുറവുള്ളതായി കണ്ടെത്തിയ ചെയര്‍മാനോട് പരിശോധിച്ച രജിസ്റ്റര്‍ മുന്‍ വര്‍ഷങ്ങളിലേതാണെന്നും താല്‍ക്കാലികമായി വന്ന ആ കുട്ടികളെല്ലാം വീടുകളിലേക്ക് മടങ്ങി എന്നും വ്യക്തമാക്കിയെങ്കിലും അദേഹം അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. മാത്രമല്ല അവിടെ നിലവിലുള്ള കുട്ടികളോട് നിങ്ങള്‍ ഹിന്ദുക്കളല്ലേ, എന്തിന് ഇവിടെ വന്നു? ആരെങ്കിലും മതം മാറ്റാന്‍ ശ്രമിച്ചോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു.

മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിട്ടും പൊലീസിനോട് കേസെടുക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനുംഗോ നിര്‍ദേശിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം കുട്ടികളെല്ലാം അവരവരുടെ വീട്ടിലുണ്ടെന്നും പരാതി വ്യാജമാണെന്നും ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഫാ. അനില്‍ മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ പ്രിയങ്ക് കനുംഗോ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വൈദികനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുള്ളത്.വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആഞ്ചല്‍ സൊസൈറ്റി അധികൃതര്‍ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ലയ്ക്ക് കത്തയച്ചു.

ഫാ. അനില്‍ മാത്യുവിന് ജാമ്യം ലഭിക്കുന്നതിനുള്ള നിയമ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിയ്ക്കല്‍ സീന്യൂസിനോട് പറഞ്ഞു.

ദേശീയ ബാലാവകാശ കമ്മീഷനും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും കേസില്‍ അകപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ഒട്ടനവധി സംഭവങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ജൂലൈ 21 ന് മധ്യപ്രദേശിലെ ജാബുവയില്‍ കത്തോലിക്കാ സന്യസ്തര്‍ നടത്തി വരുന്ന അനാഥാലയത്തില്‍ പരിശോധനയ്ക്കെത്തിയ ബാലാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്യാസാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തിരുന്നു.

മതപരിവര്‍ത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയത്. തലമുറകളായി കത്തോലിക്കാ വിശ്വാസികളായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുപോലും വിട്ടയയ്ക്കാന്‍ അവര്‍ തയ്യാറായില്ല.

ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായ പ്രിയങ്ക് കനുംഗോയുടെ ക്രൈസ്തവ സ്ഥാപനങ്ങളോടുള്ള പ്രതികാര ബുദ്ധിക്ക് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. 2021 ല്‍ ഡിസംബറിലും നവംബറിലുമായി ഗുജറാത്തിലെയും മധ്യപ്രദേശിലേയും രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ നീക്കങ്ങള്‍ വിവാദമായി മാറിയിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മെയ് മാസത്തില്‍ കമ്മീഷന്‍ ചെയര്‍മാനും സംഘവും മധ്യപ്രദേശിലെ സാഗറിന് സമീപം നൂറ്റമ്പത് വര്‍ഷത്തെ പഴക്കമുള്ള സെന്റ് ഫ്രാന്‍സിസ് സേവാധാം ഓര്‍ഫനേജില്‍ അതിക്രമിച്ചു കയറി അനധികൃത റെയ്ഡ് നടത്തുകയുണ്ടായി.

ഓഫീസ് മുറികളും ദേവാലയവും അലങ്കോലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വൈദികര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സിസിടിവിയും കമ്പ്യൂട്ടറുകളും തകരാറിലാക്കിയ അവര്‍ ഫോണുകളും രേഖകളും മറ്റും പിടിച്ചെടുത്തു. പിന്നീട് കസ്റ്റഡിയില്‍ എടുത്ത വൈദികരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയയ്ക്കാന്‍ തയ്യാറായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.