വത്തിക്കാൻ സിറ്റി: മാമ്മോദീസായിലൂടെ നാം എന്നേക്കുമായി ദൈവത്തിന്റെ പ്രിയപ്പെട്ട മക്കൾ ആയിത്തീരുന്നുവെന്നും അതിനാൽ നമ്മുടെ മാമോദീസയുടെ ദിവസം ഓർമയിൽ സൂക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യണമെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാലജപ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികൾക്ക്, നമ്മുടെ കർത്താവിന്റെ മാമോദീസയുടെ തിരുനാൾദിന സന്ദേശം നൽകവെയാണ് പാപ്പാ ശക്തമായ ഈ ഓർമ്മപ്പെടുത്തൽ നൽകിയത്.
സ്നാപകയോഹന്നാനിൽ നിന്ന് ഈശോ ജ്ഞാനസ്നാനം സ്വീകരിച്ചതിനെക്കുറിച്ചുള്ള ഞായറാഴ്ചത്തെ സുവിശേഷ വായനയെ ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് ധ്യാനചിന്തകൾ പങ്കുവച്ചത്. മാമോദീസയിലൂടെ നമ്മുടെ ജീവിതങ്ങളിൽ അസാധാരണമായ മാറ്റങ്ങൾ സംഭവിക്കുന്നു. വാത്സല്യപൂർവ്വമായ തന്റെ ആലിംഗനത്താൽ, ദൈവത്തിന്റ അനന്ത സ്നേഹത്തിൽ നാം ആമഗ്നരാകുകയും ചെയ്യുന്നു - പാപ്പ പറഞ്ഞു.
നമ്മുടെ മാമോദീസ
മാമോദീസായിലൂടെ നാം ദൈവമക്കളായിത്തീർന്നു. നമ്മുടെ മാമോദീസ, യോഹന്നാൻ നൽകിയ സ്നാനത്തിൽ സംഭവിച്ചതുപോലെ പ്രതീകാത്മകമായ ഒരു അടയാളമായിരുന്നില്ല. മറിച്ച്, നിത്യമായ ദൈവികജീവൻ അത് നമുക്ക് യഥാർത്ഥത്തിൽ പ്രദാനം ചെയ്യുന്നുവെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. 'മാമോദീസയിലൂടെ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയിൽ, അവിടുത്തെ കൃപയാൽ നാം പങ്കുചേരുന്നു' - പാപ്പ പറഞ്ഞു.
മാമോദീസായിലൂടെ നാം പുതുജീവൻ പ്രാപിക്കുക മാത്രമല്ല ചെയ്യുന്നത്, അതിലുപരി, എന്നേക്കുമായി ഈശോയിൽ ദൈവത്തിന്റെ വത്സലമക്കളായി തീരുകയും ചെയ്യുന്നു. 'അതിനാൽ നമ്മുടെ മാമോദീസായുടെ ദിവസം അറിയില്ലെങ്കിൽ കണ്ടുപിടിച്ച് പ്രതിജ്ഞാബദ്ധതയോടെ നമുക്ക് ഓർത്തിരിക്കാം. നമ്മുടെ കർത്താവ് നമുക്ക് ഒപ്പം മാത്രമല്ല, നമ്മുടെ ഉള്ളിലും വസിക്കുന്നു. അതിനാൽ, അവിടുത്തോട് നമുക്കു നന്ദി പറയാം'- പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
മാമോദീസാത്തൊട്ടിയിലേക്ക് നമ്മെ സംവഹിച്ചുകൊണ്ടുവന്ന നമ്മുടെ മാതാപിതാക്കന്മാരെയും, തലതൊട്ടപ്പനെയും തലതൊട്ടമ്മയെയും, നമുക്കായി കൂദാശ പരികർമ്മം ചെയ്തവരെയും എല്ലാം ഓർത്ത് നമുക്ക് ദൈവത്തിനു നന്ദി പറയാം - മാർപാപ്പ കൂട്ടിച്ചേർത്തുപറഞ്ഞു.
വിശ്വാസികൾക്ക് ആത്മപരിശോധനയ്ക്കായി ഏതാനും ചോദ്യങ്ങളും പാപ്പാ മുന്നോട്ടുവച്ചു. 'മാമോദീസായിലൂടെ എനിക്ക് ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ ദാനത്തെക്കുറിച്ച് ഞാൻ ബോധവാനാണോ? തന്റെ പ്രിയപ്പെട്ട മകനായി, പ്രിയപ്പെട്ട മകളായി, എന്നെ സ്വീകരിച്ച ദൈവത്തിന്റെ സാന്നിധ്യത്തിന്റെ വെളിച്ചം എന്റെ ജീവിതത്തിൽ ഞാൻ തിരിച്ചറിയുന്നുണ്ടോ?'
മാമോദീസയെ അനുസ്മരിച്ചുകൊണ്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഓരോരുത്തരും തങ്ങളുടെമേൽ കുരിശടയാളം വരയ്ക്കുവാനും, അങ്ങനെ ദൈവസാന്നിധ്യത്തിന്റെ അവബോധത്തിലേക്ക് കടന്നുവരാനും വിശ്വാസികളോട് പാപ്പാ അഭ്യർത്ഥിച്ചു.
'പരിശുദ്ധാത്മാവിന്റെ നികേതനമായ പരിശുദ്ധ മറിയം, കർത്താവ് നമ്മിൽ പ്രവർത്തിക്കുന്ന അത്ഭുതങ്ങളെ തിരിച്ചറിയാനും ആഘോഷിക്കാനും നമ്മെ സഹായിക്കട്ടെ' - ഈ പ്രാർത്ഥനയോടെ, അവിടെ കൂടിയിരുന്നവർക്ക് ആശിർവാദവും നൽകി പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.