കുതിക്കാനൊരുങ്ങി ഗഗന്‍യാന്‍; ഒന്നാം പരീക്ഷണ പറക്കല്‍ ജൂണിന് മുമ്പ്

കുതിക്കാനൊരുങ്ങി ഗഗന്‍യാന്‍; ഒന്നാം പരീക്ഷണ പറക്കല്‍ ജൂണിന് മുമ്പ്

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ പറക്കല്‍ ജൂണിന് മുന്‍പ് നടത്താന്‍ നീക്കം. മനുഷ്യ പേടകവുമായി യാത്രികരില്ലാതെയാണ് ആദ്യ പറക്കല്‍. പിന്നീട് റോബോട്ടുമായി രണ്ടാം പറക്കല്‍ നടത്തും. മനുഷ്യരുമായുള്ള പറക്കല്‍ 2025 ലാണ്. 2014ല്‍ പ്രഖ്യാപിച്ച പദ്ധതി കോവിഡ് മൂലം വൈകുകയായിരുന്നു.

10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയിച്ചാല്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നിവരാണ് മറ്റ് രാജ്യങ്ങള്‍.

ആദ്യ പരീക്ഷണ പറക്കലില്‍ ഗഗന്‍യാന്‍ സര്‍വീസ് മൊഡ്യൂളും ക്രൂ മൊഡ്യൂളും ഉള്‍പ്പെടുന്ന ഓര്‍ബിറ്റല്‍ മൊഡ്യൂള്‍ എന്ന ഗഗന്‍യാന്‍ പേടകം ജി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് നിലയത്തില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ഭൂമിയില്‍ നിന്ന് 165 കിലോമീറ്റര്‍ ഉയരത്തില്‍ ഓര്‍ബിറ്റല്‍ മൊഡ്യൂള്‍ വിക്ഷേപിക്കും. അത് പിന്നീട് മുകളിലേക്ക് ഉയര്‍ത്തി 350 കിലോമീറ്ററിന് മേലെ എത്തിക്കും. അവിടെ നിന്ന് ഭൂമിയെ ഒരു തവണ പ്രദക്ഷിണം വയ്ക്കും. പിന്നീട് ഭൂമിയിലേക്ക് തിരിച്ചു വന്ന് കടലില്‍ പതിക്കും.

പേടകത്തില്‍ യാത്രക്കാരോ വയോമിത്രയെന്ന റോബോട്ടോ ഉണ്ടാകില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കാന്‍ കഴിഞ്ഞതും ലഗ്രാഞ്ച് പോയന്റില്‍ പേടകം സ്ഥാപിക്കാന്‍ കഴിഞ്ഞതും ഐ.എസ്.ആര്‍.ഒയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഗഗന്‍യാന്‍ പദ്ധതിയുടെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പേടകവും റോക്കറ്റും ലൈഫ് സപ്പോര്‍ട്ട് സംവിധാനവും കൃത്യതയാര്‍ന്ന സോഫ്റ്റ്‌വെയറുകളും അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സംവിധാനങ്ങളും തയ്യാറായി. യാത്രയ്ക്കായി മൂന്ന് വ്യോമസേനാംഗങ്ങള്‍ക്ക് പരിശീലനവും നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.