സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി രാഹുല്‍ പോലീസുകാരെ പട്ടിക കൊണ്ട് അടിച്ചു: റിമാന്‍ഡ് റിപ്പോര്‍ട്ട്

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി രാഹുല്‍ പോലീസുകാരെ പട്ടിക കൊണ്ട് അടിച്ചു: റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പോലീസുകാരെ പട്ടിക കൊണ്ട് അടിച്ചുവെന്ന് വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിച്ച പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

മുന്നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യില്‍ കൊടിക്കമ്പുകളും തടിക്കഷണങ്ങളുമായാണ് പ്രതിഷേധത്തിനെത്തിയത്. പൊലീസിന്റെ ഫൈബര്‍ ഷീല്‍ഡ്, ഹെല്‍മറ്റ്, ഫൈബര്‍ ലത്തി എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തി പൊതുഖജനാവിന് 50,000 രൂപയുടെ നഷ്ടം വരുത്തി.

ഉച്ചഭാഷിണി ഉപയോഗിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചും അതുവഴിയുള്ള കാല്‍ നടയാത്രക്കാരുടെയും വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് മാര്‍ഗ തടസം സൃഷ്ടിച്ചതായും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കന്റോണ്‍മെന്റ് പോലീസ് അദേഹത്തെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസഥാനത്തിലാണ് രാഹുലിന്റെ വീട്ടില്‍ പോയതെന്ന് പൊലീസ് പറയുന്നു. സമാനമായ രണ്ട് കേസുകളില്‍ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്താനുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിദഗ്ധ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടു പോയിരിക്കുകയാണ്. പരിശോധനാ ഫലം ലഭ്യമായതിന് ശേഷമാകും ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.