'പാകിസ്ഥാനിലേക്ക് കുതിക്കാനൊരുങ്ങി ഒമ്പത് മിസൈലുകള്‍; പരിഭ്രാന്തിയിലായ ഇമ്രാന്‍ ഖാന്‍ അര്‍ധരാത്രി മോഡിയെ വിളിക്കാന്‍ ശ്രമിച്ചു': അന്ന് രാത്രി സംഭവിച്ചത്

'പാകിസ്ഥാനിലേക്ക് കുതിക്കാനൊരുങ്ങി ഒമ്പത് മിസൈലുകള്‍; പരിഭ്രാന്തിയിലായ ഇമ്രാന്‍ ഖാന്‍ അര്‍ധരാത്രി മോഡിയെ വിളിക്കാന്‍ ശ്രമിച്ചു': അന്ന് രാത്രി സംഭവിച്ചത്

മിസൈലുകള്‍ ഏത് നിമിഷവും പതിച്ചേക്കാമെന്ന പേടിയില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക് ഭരണകൂടം അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം തേടി. അഭിനന്ദനെ ഉപദ്രവിച്ചാല്‍ കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും ഇന്ത്യയോട് നേരിട്ട് അപേക്ഷിക്കാനുമാണ് ഇരു രാജ്യങ്ങളും പറഞ്ഞത്.

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ബലാക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ അഞ്ചാം വാര്‍ഷികത്തിന് ദിവസങ്ങള്‍ അവശേഷിക്കെ പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയുടെ പുറത്തിറങ്ങാന്‍ പോകുന്ന 'ദ ആങ്കര്‍ മാനേജ്മെന്റ്' എന്ന പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു.

2019 ഫെബ്രുവരി 26 നാണ് ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടില്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ഭീകരവാദികളെ വധിക്കുകയും ചെയ്തിരുന്നു.

ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെയുണ്ടായ സൈനിക പ്രതിസന്ധി ഒഴിവാക്കാന്‍ അന്നത്തെ പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ അര്‍ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മൂന്ന് വട്ടം പരിഭ്രാന്തിയോടെ വിളിച്ചെന്ന് അജയ് ബിസാരിയ പുസ്തകത്തില്‍ പറയുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒമ്പത് മിസൈലുകള്‍ ലക്ഷ്യം വയ്ക്കുന്നെന്ന ഇന്റലിജന്‍സ് വിവരം പാകിസ്ഥാനെ ശരിക്കും ഭയപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.

പുസ്തകത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍:

'പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജെന്‍ജുവയ്ക്ക് പാക് സൈന്യത്തില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. ഏത് സമയത്തും ഇന്ത്യയില്‍ നിന്നും ഒമ്പത് മിസൈലുകള്‍ പാകിസ്ഥാനിലെ ചില കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് എത്തുമെന്നായിരുന്നു സന്ദേശം.

ഈ രഹസ്യ വിവരം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കാനും വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെ ഹൈക്കമ്മിഷന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു'.

'പ്രതിസന്ധി രൂക്ഷമായതോടെ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പരിഭ്രാന്തിയോടെയാണ് ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോഡിയെ വിളിക്കാന്‍ ശ്രമിച്ചത്.

സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ഇടപടണമെന്ന ആവശ്യമായിരുന്നു ഇമ്രാന്‍ ഖാനുണ്ടായിരുന്നത്. അന്നത്തെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദ് ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ഈ കോള്‍ എളുപ്പമാക്കിയതെന്നാണ് റിപ്പോര്‍ട്ട്'.

'സമയം അര്‍ധരാത്രി. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ സൊഹാലി മഹ്മൂദില്‍ നിന്നും ഒരു കോള്‍ വന്നു. പാക് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കണമെന്നായിരുന്നു ആവശ്യം. ഞാന്‍ മുകളിലത്തെ നിലയില്‍ പരിശോധിച്ച്, ആ സമയത്ത് നമ്മുടെ പ്രധാനമന്ത്രി ലഭ്യമല്ലെന്ന് പ്രതികരിച്ചു. എന്നാല്‍ ഇമ്രാന്‍ ഖാന് എന്തെങ്കിലും അടിയന്തിര സന്ദേശം അറിയിക്കാനുണ്ടെങ്കില്‍ എന്നെ അറിയിക്കാമായിരുന്നു. അന്ന് രാത്രി പിന്നീടൊരു കോള്‍ തനിക്ക് ലഭിച്ചില്ല'- ബിസാരിയ പുസ്തകത്തില്‍ പറഞ്ഞു.

അടുത്ത ദിവസം ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളെ കണ്ടു. പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കുന്നത് സംബന്ധിച്ചായിരുന്നു അദേഹം മാധ്യമങ്ങളോട് പറഞ്ഞത്. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുടെ നയതന്ത്രമാണ് ഇതിന് പാകിസ്ഥാനെ പ്രേരിപ്പിച്ചതെന്ന് ബിസാരിയ പുസ്തകത്തില്‍ കുറിക്കുന്നു.

അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിച്ചില്ലെങ്കില്‍ ഒമ്പത് മിസൈലുകള്‍ തയ്യാറാണെന്ന ഇന്ത്യന്‍ ഭീഷണിക്ക് മുന്നില്‍ പാകിസ്ഥാന് വഴങ്ങേണ്ടി വന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇന്ത്യ വിക്ഷേപിക്കാന്‍ തയ്യാറാക്കിയ ഒമ്പത് മിസൈലുകള്‍ ഏത് നിമിഷവും പതിച്ചേക്കാമെന്ന പേടിയില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ഭരണകൂടം അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം തേടി. അഭിനന്ദനെ ഉപദ്രവിച്ചാല്‍ കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും ഇന്ത്യയോട് നേരിട്ട് അപേക്ഷിക്കാനുമാണ് ഇരു രാജ്യങ്ങളും പറഞ്ഞത്.

തുടര്‍ന്ന് അടുത്ത ദിവസം അഭിനന്ദനെ മോചിപ്പിക്കുന്നതായി ഇമ്രാന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കേണ്ടി വന്നു. 2019 ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിനു പിന്നാലെ 26 ന് ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അഭിനന്ദന്‍ പാക് പിടിയിലായത്. 28 ന് അഭിനന്ദനെ മോചിപ്പിച്ചു. ഇല്ലായിരുന്നെങ്കില്‍ 'രക്തച്ചൊരിച്ചില്‍' ഉണ്ടാകുമായിരുന്നുവെന്ന് 2019 ലെ തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോഡി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.