ലോക ടൂറിസം ഭൂപടത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയുടെ പവിഴ ദ്വീപ്

ലോക ടൂറിസം ഭൂപടത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയുടെ പവിഴ ദ്വീപ്

ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ലക്ഷദ്വീപ്. കേരളത്തിനൊരു മുത്തുമാല എന്ന പോലെ കൊച്ചി തീരത്ത് നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെ നീണ്ടു കിടക്കുന്ന ദ്വീപ് സമൂഹമാണിത്. കേരളത്തില്‍ നിന്ന് ഒരു വിളിപ്പാട് അകലെ മാത്രമുള്ള ലക്ഷ്വദീപിന് പവിഴപ്പുറ്റുകള്‍ തീര്‍ത്ത ഇന്ത്യയിലെ ഏക ദ്വീപ് സമൂഹമെന്ന ഖ്യാതി നേരത്തേ തന്നെ ഉണ്ട്. ഇപ്പോള്‍ സാഹസിക ടൂറിസത്തിന്റെ കേന്ദ്രമാണ് ഇവിടം.

ഇന്ത്യയും മാലിദ്വീപും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചതോടെ നേട്ടമായത് ലക്ഷദ്വീപിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ സംഭവത്തോടെ ലക്ഷദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ എവരുടേയും ശ്രദ്ധയാകര്‍ഷിക്കുയായിരുന്നു. ഇതോടെ പല വന്‍കിട കമ്പനികളും ലക്ഷദ്വീപിന്റെ പുനരുജ്ജീവനത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായി രംഗത്തെത്തി.

ലക്ഷദ്വീപിന് വേണ്ടി പ്ലാന്‍ 2026 തയ്യാറാക്കി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. പ്ലാന്‍ 2026ലൂടെ വിലുലമായ പ്രവര്‍ത്തനങ്ങളാണ് ടാറ്റാ ഗ്രൂപ്പ് തയാറാക്കാന്‍ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിലെ പ്രശസ്തമായ സുഹേലി, കദ്മത്ത് ദ്വീപുകളില്‍ ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോര്‍ട്ടുകള്‍ 2026 ല്‍ തുറക്കും. 2023 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലക്ഷദ്വീപില്‍ രണ്ട് താജ് ബ്രാന്‍ഡഡ് റിസോര്‍ട്ടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി എംഡി പുനിത് ചത്വാള്‍ ലക്ഷദ്വീപിലെ റിസോര്‍ട്ടുകള്‍ക്കായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. അറബിക്കടലിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളും പവിഴപ്പുറ്റുകളുമുള്ള ലക്ഷദ്വീപില്‍ അനന്ത സാധ്യതകള്‍ കാണാനാകുമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. ടാറ്റ ഗ്രൂപ്പ് ഇവിടെ നിര്‍മിക്കുന്ന രണ്ട് ലോകോത്തര താജ് റിസോര്‍ട്ടുകള്‍ ലക്ഷദ്വീപിലേക്ക് രാജ്യാന്തര, ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നുമാണ് വിലയിരുത്തല്‍.

മാത്രമല്ല ലക്ഷദ്വീപിലെ മിനിക്കോയില്‍ കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള വിമാനങ്ങളുടെ ലാന്‍ഡിങ്, ടേക്ക് ഓഫ്, അറ്റക്കുറ്റപ്പണികള്‍ എന്നിവയായിരിക്കും ഇവിടെ നടക്കുക. സൈനിക വിമാനങ്ങള്‍ക്കും വാണിജ്യ വിമാനങ്ങള്‍ക്കും വേണ്ടിയുള്ള സംയുക്ത വിമാനത്താവളമായിരിക്കും ഇത്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നീരിക്ഷണം ശക്തമാക്കാന്‍ പുതിയ എയര്‍ഫീല്‍ഡിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് മിനിക്കോയ് ദ്വീപില്‍ എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കണമെന്ന ആവശ്യം ആദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ചത്. പുതിയ വിമാനത്താവളത്തിന്റെ ചുമതല ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആയിരിക്കും. അഗത്തിയ്ക്ക് പുറമെ മിനിക്കോയിലും വിമാനങ്ങളെത്താന്‍ തുടങ്ങുന്നതോടെ ലക്ഷദ്വീപ് ടൂറിസം ലോക ശ്രദ്ധയാകര്‍ഷിക്കും. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ദ്വീപിലേക്കെത്തും.

2018 ല്‍ അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി 2026 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. ടൂര്‍ ആന്‍ഡ് ട്രാവല്‍ കമ്പനിയായ മേക്ക് മൈ ട്രിപ്പ് പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്, പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ലക്ഷദ്വീപിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള തിരച്ചിലില്‍ 3400 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകളാണ് ഇത് തെളിയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.