വാസം പ്രവാസത്തിലെങ്കിലും അവരും നമ്മുടെ രാജ്യത്തിന്റെ മക്കളാണ്

വാസം പ്രവാസത്തിലെങ്കിലും അവരും നമ്മുടെ രാജ്യത്തിന്റെ മക്കളാണ്

ന്യൂഡല്‍ഹി: ഇന്ന് പ്രവാസി ഭാരതീയ ദിവസമായി നാം ആഘോഷിക്കുമ്പോള്‍ പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന വസ്തുത മറന്ന് പോകരുത്. അവരുടെ കഷ്ടപ്പാടിനെയും ത്യാഗത്തെയും മറക്കാന്‍ സാധിക്കില്ല. സ്വന്തവും ബന്ധവും എല്ലാം വിട്ടവര്‍ പ്രവാസികളായി മാറുന്നത് രാജ്യ പുരോഗതിക്കും കൂടി വേണ്ടിയാണ്.

വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ അടയാളപ്പെടുത്താനായാണ് എല്ലാ വര്‍ഷവും ജനുവരി ഒന്‍പതിന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. 1915 ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് ഈ ദിവസമാണ്. അതുകൊണ്ട് തന്നെ ഗാന്ധിജി പ്രവര്‍ത്തിച്ച് കാണിച്ച നല്ല മാതൃക യുവ സമൂഹത്തിന് പകര്‍ന്ന് നല്‍കണം. പ്രവാസി ഭാരതീയ ദിവസിന്റെ സംഘാടകത്വം നിര്‍വഹിക്കുന്നത് വിദേശകാര്യ മന്ത്രാലയമാണ്.

പ്രവാസി ഭാരതീയ ദിവസിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ നേര്‍ന്നു. ലോകമൊട്ടാകെയുള്ള ഇന്ത്യന്‍ സമൂഹത്തിന് അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണിത്. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ സമര്‍പ്പണം പ്രശംസനീയമാണ്. ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഇന്ത്യയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുകയും നാനാത്വത്തില്‍ ഏകത്വത്വം എന്ന ബോധം വളര്‍ത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

എന്താണ് പ്രവാസി ദിവസ്;
എന്തുകൊണ്ട് ആഘോഷിക്കപ്പെടണം

ലക്ഷ്മിമാല്‍ സിങ് വി കമ്മിറ്റി 1915 ലാണ് ഈ ദിനം രൂപീകരിച്ചത്. 2015 ല്‍ ഇത് പരിഷ്‌കരിച്ചു. 2002 ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2003 ല്‍ ആദ്യമായി പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. 2021 ല്‍ കോവിഡ് മഹാമാരി കാരണം പ്രവാസി ഭാരതീയ ദിവസ് വെര്‍ച്വലായാണ് ആഘോഷിച്ചത്.

പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. വിദേശത്ത് നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ആദരിക്കുന്നു, രാജ്യത്തെ യുവാക്കളെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെടുത്തുന്നു, വിദേശ ഇന്ത്യക്കാര്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ഒരു ശൃംഖല സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക, പ്രവാസികളെയും ഇന്ത്യയിലുള്ളവരെയും ബന്ധിപ്പിച്ച് പ്രയോജനകരമായ പദ്ധതികള്‍ തയാറാക്കുക എന്നിവയാണ്.

ഒരു നാടിനെ സമ്പന്നമാക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഗള്‍ഫുക്കാരെന്നൊക്കെ നാം അഭിസംബോധന ചെയ്യുന്ന ഇക്കൂട്ടര്‍ രാജ്യ പുരോഗതിക്ക് വേണ്ടിയും ഉന്നമനത്തിനായുമാണ് പരിശ്രമിക്കുന്നതെന്ന് നാം ഇനിയും തിരിച്ചറിയാതെ പോകരുത്. കേവലം ഒരു ദിവസം മാത്രമല്ല നാം ഇവരെ ഓര്‍ക്കാനായി മാറ്റി വെയ്‌ക്കേണ്ടത്.

മനസുകൊണ്ട് അവരെ രാജ്യത്തിന്റെ ഭാഗമായി അംഗീകരിക്കുകയും പ്രവാസികളുടെ പ്രശ്‌നത്തില്‍ ഭരണകര്‍ത്താക്കള്‍ കൃത്യമായി ഇടപെടുകയും ചെയ്യുമ്പോള്‍ ജന്മനാട് അവര്‍ക്കൊപ്പമുണ്ടാമെന്ന വലിയ പ്രതീക്ഷയാണ് അവരില്‍ ജനിക്കുക. യൂറോപ്പിലെയും അമേരിക്കയിലെയും തൊഴില്‍ വിപണികളില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ഇന്ത്യയിലേക്കാണെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം 12500 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള പണമാണ് രാജ്യത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത്. വിദേശ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും പുരോഗതിക്കും വേണ്ടി എത്ര മാത്രം അധ്വാനിക്കുന്നെന്ന് ഈ കണക്കുകള്‍ നോക്കിയാല്‍ മാത്രം വ്യക്തമാകും.

കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ കുമ്പനാട് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളതെന്നാണ് കണക്ക്. കാരണം കുമ്പനാട് എന്ന ചെറിയ സ്ഥലത്ത് കാണപ്പെടുന്ന വിവിധ ബാങ്കുകള്‍ പ്രവാസികളുടെ വര്‍ധനവിനെയാണ് അടയാളപ്പെടുത്തുന്നത്.

വിദേശത്ത് ഏറ്റവും ഉയര്‍ന്ന തോതിലും ചെറിയ രീതിയിലും സമ്പാദിക്കുന്ന ഓരോ പ്രവാസിയോടും രാജ്യം കടപ്പെട്ടിരിക്കുകയാണ്. അവര്‍ക്കുള്ള ആദരം കൂടിയാണീ ദിനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.