പിറക്കാനാവാതെ പോയ കുരുന്നു ജീവനുകള്‍ക്കായി നൊവേന ചൊല്ലാന്‍ യുഎസ് കത്തോലിക്കാ സഭ

പിറക്കാനാവാതെ പോയ കുരുന്നു ജീവനുകള്‍ക്കായി നൊവേന ചൊല്ലാന്‍ യുഎസ് കത്തോലിക്കാ സഭ

വാഷിംഗ്ടണ്‍ ഡിസി: ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വി വെയ്ഡിന്റെ 1973ലെ സുപ്രീം കോടതി വിധിയുടെ 51ാം വാര്‍ഷികത്തില്‍ നൊവേന ചൊല്ലി പ്രാര്‍ഥിക്കാന്‍ അമേരിക്കയിലെ കത്തോലിക്കാ സഭ. ജനുവരി 16 മുതല്‍ 22 വരെയുള്ള ഒമ്പതു ദിവസത്തേക്കാണ് നൊവേന.

ഭ്രൂണഹത്യ നിയമവിധേയമാക്കിയതു മൂലം ഇന്നും ജീവന്‍ നഷ്ടപ്പെടുന്ന അനേകം കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും സംരക്ഷിക്കുന്നതിന് ശക്തമായ പോരാട്ടം അനിവാര്യമാണ്. ഭ്രൂണഹത്യയിലൂടെ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ബിഷപ് പറഞ്ഞു.

യുഎസ് കത്തോലിക്കാ ബിഷപ് കോണ്‍ഫ്രന്‍സിന്റെ കീഴിലുള്ള പ്രൊ-ലൈഫ് ആക്ടിവിറ്റീസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൊവേന. ജനുവരി 22ന് പ്രത്യേക പ്രാര്‍ഥനാ ദിനമായും ആചരിക്കും.

വിവാദവിധിയുടെ നാല്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആദ്യമായി 2013ലാണ് ഇത്തരത്തില്‍ നൊവേന ആരംഭിച്ചത്. നൊവേനയോട് ചേര്‍ത്ത്  'മാര്‍ച്ച് ഫോര്‍ ലൈഫ്' എന്ന പേരില്‍ പ്രത്യേക പ്രൊ ലൈഫ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. 1974ല്‍ ആരംഭിച്ച ഈ മാര്‍ച്ച് ആദ്യം വാഷിംഗ്ടണിലും പിന്നീട് അമേരിക്ക മുഴുവനിലും വ്യാപിപ്പിക്കുകയായിരുന്നു.

ഒമ്പതു ദിവസവും പ്രത്യേകം പ്രത്യേകം നിയോഗം വെച്ചാണ് പ്രാര്‍ഥന. പ്രൊ ലൈഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ #9DaysforLife എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാം.

നിരന്തര പ്രാര്‍ഥനയുടെയും പ്രതിഷേധത്തിന്റെയും ഫലമായി 2022ല്‍ ഈ നിയമം ഭാഗികമായി പിന്‍വലിക്കപ്പെട്ടു. ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ വിധി പറയുന്നതിനുള്ള അധികാരം ഓരോ സ്‌റ്റേറ്റ്‌സിലെയും ജഡ്ജിനും നിയമനിര്‍മാതാക്കള്‍ക്കും നല്‍കി സുപ്രീം കോടതി 2022ല്‍ ഉത്തരവായി.

സ്റ്റേറ്റുകള്‍ക്ക് തീരുമാനിക്കാം എന്നത് കൊണ്ട് ഭ്രൂണഹത്യ തടയപ്പെടുന്നില്ലെന്നും ഈ നിയമം പൂര്‍ണമായും പിന്‍വലിക്കപ്പെടുന്നതിനായി എല്ലാവരും കൂടുതല്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിക്കണമെന്നും ബിഷപ് ഉദ്‌ബോദിപ്പിച്ചു. ഈ വര്‍ഷത്തെ നോവെനയുടെ പ്രധാന ലക്ഷ്യം ഭ്രൂണഹത്യ തുടച്ചുനീക്കുകയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ കത്തോലിക്കാ സഭയുടെ നിരന്തരമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജൂണ്‍ 2022ന് ശേഷം 14 സ്റ്റേറ്റുകള്‍ ഭ്രൂണഹത്യ പൂര്‍ണമായും നിരോധിച്ചു. ജോര്‍ജിയ, സൗത്ത് കരോളിന സ്‌റ്റേറ്റുകള്‍ ആറാഴ്ച കഴിഞ്ഞുള്ള ഭ്രൂണഹത്യക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവായിട്ടുണ്ട്. ഏകദേശം ഒമ്പതോളം സ്‌റ്റേറ്റുകള്‍ ഭ്രൂണഹത്യയ്‌ക്കെതിരെ നിയമനിര്‍മാണം നടത്തുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്.

മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് വാടക ഗര്‍ഭധാരണത്തെയും യുഎസ് ബിഷപ്മാര്‍ വിമര്‍ശിച്ചു. വാടക ഗര്‍ഭധാരണം ജീവന്റെ മഹത്വത്തെ ഇല്ലാതാക്കുന്നുവെന്ന് ബിഷപ്മാര്‍ ചൂണ്ടിക്കാട്ടി. ജനുവരി എട്ടിന് നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ വാടക ഗര്‍ഭധാരണത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ഇത് നിരോധിക്കുന്നതിന് എല്ലാവരും ഉത്സാഹിക്കണമെന്നും ആവശ്യപ്പെട്ടു.

ഓരോ കുഞ്ഞും ദൈവിക ദാനമാണെന്നും ഏതെങ്കിലും സ്വാര്‍ഥ നേട്ടത്തിന് വേണ്ടിയുള്ള ഉടമ്പടിയിലൂടെ കുഞ്ഞ് ജനിക്കുന്നത് ദൈവിക ദാനത്തെ അവമതിക്കുന്നതാണെന്നും മാര്‍പാപ്പ വിമര്‍ശിച്ചു. വാടക ഗര്‍ഭധാരണം ധാര്‍മികതയ്ക്ക് എതിരാണെന്നും അത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും യുഎസ് കത്തോലിക്കാ ബിഷപ്പുമാര്‍ പറഞ്ഞു.

RELATED READING: റോ vs വേഡ് VS മാർച്ച് ഫോർ ലൈഫ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.