യു.എ.ഇ പ്രസിഡന്റിന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം; പ്രധാനമന്ത്രി മോഡിക്കൊപ്പം അഹമ്മദാബാദില്‍ ഗംഭീര റോഡ്‌ഷോ

യു.എ.ഇ പ്രസിഡന്റിന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം; പ്രധാനമന്ത്രി മോഡിക്കൊപ്പം അഹമ്മദാബാദില്‍ ഗംഭീര റോഡ്‌ഷോ

ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിന് പ്രധാനമന്ത്രി മോഡിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമടങ്ങുന്ന സംഘം നേരിട്ടെത്തിയാണ് ഊഷ്മളമായ വരവേല്‍പ്പ് നല്‍കിയത്.

ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമത്തിലൂടെ പ്രധാനമന്ത്രി പങ്കുവെച്ചു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും അഹമ്മദാബാദില്‍ റോഡ്‌ഷോയും സംഘടിപ്പിച്ചു. വന്‍ ജനാവലിയാണ് ഇരുവരെയും സ്വീകരിക്കാനായി എത്തിച്ചേര്‍ന്നത്. അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്ക് മൂന്ന് കിലോമീറ്ററായിരുന്നു റോഡ് ഷോ.

ഷെയ്ഖ് മുഹമ്മദിനെ സ്വാഗതം ചെയ്ത് അഹമ്മദാബാദ് തെരുവീഥികളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. നാടന്‍ കലാരൂപങ്ങളുടെ പ്രകടനവും സ്വീകരണ ചടങ്ങില്‍ അരങ്ങേറി. റോഡ് ഷോ കടന്നുപോയ ഭാഗങ്ങളില്‍ ജനങ്ങള്‍ ഇന്ത്യയുടെയും യു.എ.ഇയുടെയും പതാകകള്‍ വീശിക്കൊണ്ടാണ് ഇരുവരെയും സ്വീകരിച്ചത്.

'സൗഹൃദത്തിന്റെ ശക്തമായ ബന്ധങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു!' എന്ന തലക്കെട്ടോടെയാണ് യു.എ.ഇ പ്രസിഡന്റിന് നല്‍കിയ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പങ്കുവെച്ചത്.

ഇന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ (വിജിജിഎസ്) പത്താം പതിപ്പ് പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചകോടി ഉദ്ഘാടനം ചെയ്ത ശേഷം, പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സിഇഒമാരുമായി മോഡി കൂടിക്കാഴ്ച നടത്തും, തുടര്‍ന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് പോകും. ജനുവരി 10 മുതല്‍ 12 വരെ ഗാന്ധിനഗറിലാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പത്താം പതിപ്പ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.