കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. സിനഡ് സമ്മേളനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ രഹസ്യ ബാലറ്റിലൂടെയായിരുന്നു പുതിയ സീറോ മലബാര്‍ സഭാ തലവനെ തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 4.30 ന് (ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 ന്) ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവിരം. വത്തിക്കാനിലും സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് സമ്മേളനത്തിലും ഒരേ സമയം പ്രഖ്യാപനം നടക്കും.
രണ്ടാം റൗണ്ടില്‍ ഭൂരിപക്ഷം വോട്ടുകളും ഒരാള്‍ക്ക് തന്നെ ലഭിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടപടി വേഗത്തില്‍ പൂര്‍ത്തിയായത്. പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മെത്രാന്റെ പേര് സിനഡ് ഇന്നലെ തന്നെ വത്തിക്കാന് സമര്‍പ്പിച്ചിട്ടുണ്ട്.
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം ഉടനുണ്ടാകും. ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥാനാരോഹണം ചടങ്ങ് നടക്കുക.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറോ മലബാര്‍ സഭയ്ക്ക് പുതിയ അധ്യക്ഷന്‍ വരുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജി വെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം എറണാകുളം-അങ്കമാലി അതിരൂപതിയില്‍ ചില മാറ്റങ്ങള്‍ വരുത്താനും വത്തിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. മേജര്‍ അതിരൂപത പദവി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് എടുത്തു മാറ്റി കാക്കനാട് സെന്റ് തോമസ് മൗണ്ടും തൊട്ടടുത്ത ഏതാനും ഇടവകകളും ചേര്‍ത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനീയ രൂപത നിലവില്‍ വന്നേക്കും.
വത്തിക്കാന്‍ പ്രതിനിധി ഇന്നലെ സിനഡ് മധ്യേ കൂരിയ ബിഷപ്പിനെ സന്ദര്‍ശിച്ച് ചില രേഖകള്‍ കൈമാറിയത് ആസ്ഥാന രൂപത മാറ്റത്തിന്റെ മുന്നോടിയായാണെന്ന് റിപ്പോര്‍ട്ടുണ്ട്.
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് തദേശീയനായ മെത്രാപ്പോലീത്തയെ വാഴിക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ രണ്ട് സഹായ മെത്രാന്മാരും നിയമിതരാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.