രാഹുല്‍ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര: അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; വേദി മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര: അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; വേദി മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്

ഇംഫാല്‍: ഇംഫാലില്‍ നിന്ന് ആരംഭിക്കാനിരുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി സര്‍ക്കാര്‍. യാത്രയുടെ തുടക്ക പരിപാടികള്‍ക്കായി ഇംഫാലിലെ ഗ്രൗണ്ട് അനുവദിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

മണിപ്പൂരില്‍ കലാപം ഇപ്പോഴും നിലച്ചിട്ടില്ല. ഇടയ്ക്കിടെ ഇരു വിഭാഗങ്ങളുടെ സംഘര്‍ഷം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് ബീരേന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

എന്നാല്‍ പുതിയ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മറ്റു വഴികള്‍ ആലോചിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഈ മാസം 14ന് മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഹട്ട കഞ്ചിബംഗില്‍ നിന്ന് യാത്ര തുടങ്ങുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിങിനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടിരുന്നു. അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

മണിപ്പൂര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. മേഘചന്ദ്രയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. വളരെ നിര്‍ഭാഗ്യകരമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് മേഘചന്ദ്ര പ്രതികരിച്ചു.

ഈ സാഹചര്യത്തില്‍ ഉദ്ഘാടന വേദി മാറ്റാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. തൗബാല്‍ ജില്ലയിലെ ഖോഞ്ചമിലുള്ള സ്വകാര്യ സ്ഥലത്തേക്ക് ഉദ്ഘാടന വേദി മാറ്റിയേക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ യാത്രയ്ക്ക് തുടക്കമാകും. 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.