ഓഹിയോ: ലോകത്ത് ആദ്യമായി കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ വനിത ഒരു കത്തോലിക്കാ കന്യാസ്ത്രീയാണെന്ന വസ്തുത അധികമാരും അറിഞ്ഞിരിക്കാൻ വഴിയില്ല. സ്ത്രീകൾക്ക് കമ്പ്യൂട്ടർ മേഖല അപ്രാപ്യമായൊരു കാലത്താണ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റർ മേരി കെന്നെത്ത് കെല്ലർ കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി നേടുന്നത്. ലോകത്തെ മുഴുവൻ അതിശയിപ്പിച്ചു കൊണ്ട് ഈ നേട്ടം വരിച്ച സിസ്റ്റർ കമ്പ്യൂട്ടർ വിദ്യാഭ്യാസം നേടാനും ആ മേഖലയിലേക്ക് വളർന്നുവരാനും അനേകം സ്ത്രീകളെ പ്രചോദിപ്പിച്ചു. 1985 ജനുവരി പത്തിനാണ് സിസ്റ്റർ മേരി കെന്നെത്ത് കെല്ലർ മരണമടഞ്ഞത്.
1914 ൽ അമേരിക്കയിലെ ഓഹിയോയിലാണ് മേരി കെന്നെത്ത് കെല്ലർ ജനിക്കുന്നത്. ആഴമായ ദൈവവിശ്വാസത്തിൽ വളർന്നുവന്ന പെൺകുട്ടി ദൈവവിളിയുടെ പാതയിൽ മുന്നോട്ടു നീങ്ങി. 1932 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിൽ പ്രവേശിച്ച ഇവർ 1940 ൽ സന്യാസിനിയായി. ശേഷം ഡിപോൾ സർവകലാശാലയിൽ നിന്നും കണക്കിൽ ബിരുദവും കണക്കിലും ഫിസിക്സിലും ബിരുദാനന്തര ബിരുദവും നേടിയെടുത്തു. 1960-കളിൽ സിസ്റ്റർ കെല്ലർ വിസ്കോൺസിൻ സർവകലാശാലയിൽ പഠിച്ചു. തുടർന്ന് പർഡ്യൂ, മിഷിഗൺ സർവകലാശാല, ഡാർട്ട്മൗത്ത് കോളേജ് എന്നിവിടങ്ങളിൽ തുടർപഠനം നടത്തി.
1958 ൽ ഡാർട്ട്മൗത്ത് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ കമ്പ്യൂട്ടർ സയൻസ് സെന്ററിൽ സിസ്റ്റർ മേരി ജോലി ചെയ്യാൻ തുടങ്ങി. ഇവിടെ ജോലി ചെയ്‌തിരുന്ന സമയം കമ്പ്യൂട്ടർ ഭാഷ – ബേസിക് വികസിപ്പിച്ചെടുക്കാൻ സിസ്റ്ററിനും സംഘത്തിനും കഴിഞ്ഞു. അങ്ങനെ ബേസിക് എന്ന പ്രോഗ്രാമിങ് ലാംഗ്വേജിന്റെ കോ-ഫൗണ്ടറായി മാറി ഈ സന്യാസിനി. കൂടാതെ, ഈ കണ്ടുപിടിത്തത്തിലൂടെ കൂടുതൽ ആളുകൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയുമെന്ന മേന്മയും സമ്മാനിച്ചു.
1965 ൽ കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായി സിസ്റ്റർ മേരി. അതിനു ശേഷം സിസ്റ്റർ, അയോവയിലെ ക്ലാർക്ക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം സ്ഥാപിച്ചു. 20 വർഷത്തോളം ആ ഡിപ്പാർട്ട്മെന്റിനെ മുന്നോട്ടുനയിച്ചത് സിസ്റ്റർ മേരി ആയിരുന്നു. തുടർന്നുള്ള ജീവിതത്തിലൊക്കെയും അധ്യാപികയായി അനേകർക്ക് കമ്പ്യൂട്ടർ പഠിക്കാൻ പ്രചോദനമായി അവർ നിലകൊണ്ടു പ്രത്യേകിച്ച് സ്ത്രീകൾക്ക്.
അന്നത്തെ കാലത്ത് സ്ത്രീകൾ അധികം കടന്നുവരാത്ത ഒരു മേഖലയായിരുന്നു ഇത്. ആ പ്രവണത മാറ്റാൻ സിസ്റ്റർ മേരിക്കു കഴിഞ്ഞു. അങ്ങനെ വികസനങ്ങളുടെ, പുരോഗതിയുടെ ചരിത്രത്തിൽ തന്റേതായ ഒരു ഇടം സ്ഥാപിക്കാൻ ഈ സന്യാസിനിക്കു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.