ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ കേന്ദ്രത്തില്‍ മൂന്നാമതും നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ലോക്സഭയില്‍ 400 എംപിമാരുടെ പിന്‍ബലത്തോടെ ഹാട്രിക് ജയത്തിന് മാറ്റുകൂട്ടാന്‍ മിഷന്‍ 400 എന്ന ലക്ഷ്യത്തിലെത്താനുള്ള നീക്കങ്ങള്‍ പാര്‍ട്ടി അരംഭിച്ചു കഴിഞ്ഞു.
400 എംപിമാരെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ പ്രത്യേക കര്‍മ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് തന്നെ ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിശ്ചയിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
കൂടാതെ മിഷന്‍ 400 യാഥാര്‍ത്ഥ്യമാക്കാന്‍ മറ്റ് പാര്‍ട്ടികളിലെ ജനസമ്മതിയുള്ള നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കാനാണ് നീക്കം. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരെ ഇതിനായി കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തുകയും ചെയ്തു.
ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേക്കാണ് കമ്മിറ്റിയുടെ ചുമതല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഉള്‍പ്പെടെ അസംതൃപ്തരുടെ വലിയ സംഘം പുറത്തേക്ക് ചാടാന്‍ കാത്ത് നില്‍ക്കുന്നുവെന്നാണ് ബിജെപി വിലയിരുത്തല്‍.
എന്നാല്‍ ജനസമ്മിതിയുള്ള നേതാക്കളെ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയിലേക്ക് സ്വീകരിക്കുന്നതിന് മുമ്പ് നേതാവിന് മണ്ഡലത്തിലുള്ള സ്വാധീനം, ജയസാധ്യത തുടങ്ങിയവ പരിശോധിക്കും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 160 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. ഇവിടങ്ങളിലാണ് ഇത്തവണ പ്രത്യേക ശ്രദ്ധ നല്‍കുക. മറ്റ് പാര്‍ട്ടിയിലെ സിറ്റിങ് എംപിമാരില്‍ ഇത്തവണ ഇന്ത്യ മുന്നണിയിലെ സീറ്റ് വീതം വയ്പ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാതെപോകുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 160 മണ്ഡലങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളിലാണ് പ്രധാനമായും അടര്‍ത്തിയെടുക്കല്‍ രീതി നടപ്പിലാക്കാന്‍ ഉദേശിക്കുന്നത്.
കേരളത്തിലും ബിജെപിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള നേതാക്കളെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. കേരളത്തിലെഎല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ അസംതൃപ്തരായ നേതാക്കളുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇവരില്‍ പലരുമായും ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ആരും അത്ര താല്‍പര്യം കാണിക്കുന്നില്ല.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കാനുള്ള ചുമതല പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസ് അഗര്‍വാളിനെ ഇന്നലെ ചേര്‍ന്ന യോഗം ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റ് അനുബന്ധ ജോലികളും സുനില്‍ ബന്‍സാലും മറ്റ് ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് മേല്‍നോട്ടം വഹിക്കും.
ദുഷ്യന്ത് ഗൗതം രാജ്യത്തുടനീളമുള്ള ബുദ്ധമതക്കാരുടെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവരോട് വിശദീകരിക്കുകയും ചെയ്യും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, മന്‍സുഖ് മാണ്ഡവ്യ എന്നിവരുമായും ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ കൂടിക്കാഴ്ച നടത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും വീഡിയോ കോണ്‍ഫറന്‍സിങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.