മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാല് മരണം: ലീമാഖോങ് പവര്‍ സ്റ്റേഷനില്‍ വന്‍ ഇന്ധന ചോര്‍ച്ച; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാല് മരണം: ലീമാഖോങ് പവര്‍ സ്റ്റേഷനില്‍ വന്‍ ഇന്ധന ചോര്‍ച്ച; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ ഇന്നലെയുണ്ടായ വെടിവയ്പിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കുംബിക്കും തൗബല്‍ ജില്ലയിലെ വാങ്കൂവിനുമിടയിലാണ് വെടിവയ്പ്പ് നടന്നത്.

വെടിവെപ്പുണ്ടായ പ്രദേശത്തു നിന്ന് നാല് പേരെ കാണാതായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വെടിവെപ്പ് നടന്ന സ്ഥലത്തിനു സമീപം ഇഞ്ചി വിളവെടുക്കാന്‍ പോയ നാലു പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ മണിപ്പൂരിലെ ലീമാഖോങ് പവര്‍ സ്റ്റേഷനില്‍ വന്‍ ഇന്ധന ചോര്‍ച്ച കണ്ടെത്തി. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംഫാല്‍ താഴ്വരയിലൂടെ കടന്നുപോകുന്ന അരുവികളിലേക്കാണ് ഇന്ധനം ഒഴുകിയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചോര്‍ച്ചയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

മണിപ്പൂര്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് മന്ത്രി ലെയ്ഷാങ്തെം സുസിന്ദ്രോ മെയ്റ്റെയും വനം മന്ത്രി തോംഗം ബിശ്വജിത് സിങും സംഭവ സ്ഥലം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മന്ത്രിമാര്‍ പിന്നീട് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ബിരേന്‍ സിങിനെതിരെ കുക്കികള്‍ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറഞ്ഞു. കുക്കികളെ ലക്ഷ്യമിടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ സാഹചര്യം മോശമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

കുക്കികളുടെ എസ്.ടി പദവി പുനപരിശോധിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്തെ വിഭാഗത്തിന് എസ്.ടി പദവി നല്‍കണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.