ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്ത ശബ്ദരേഖ: ബിജു രമേശിനെതിരെ തുടര്‍ നടപടിക്ക് ഹൈക്കോടതി ഉത്തരവ്

ബാര്‍ കോഴ കേസില്‍  എഡിറ്റ് ചെയ്ത ശബ്ദരേഖ:  ബിജു രമേശിനെതിരെ തുടര്‍ നടപടിക്ക് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ബാര്‍ കോഴക്കേസില്‍ എഡിറ്റ് ചെയ്ത ശബ്ദരേഖ കോടതിയില്‍ ഹാജരാക്കിയതിന് ബിജു രമേശിനെതിരെ തുടര്‍ നടപടിക്ക് ഹൈക്കോടതി ഉത്തരവ്. ബിജു രമേശിനെതിരെ നടപടി എടുക്കാനാവില്ലെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി.

ബാര്‍ കോഴക്കേസില്‍ ബിജു രമേശ് വിജിലന്‍സിനു മുന്നില്‍ ഹാജരാക്കിയ സി.ഡി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാര്‍ ഉടമകളുടെ യോഗസ്ഥലത്തുവെച്ച് റെക്കോഡ് ചെയ്ത ശബ്ദരേഖ നേരത്തെ ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ വേളയിലായിരുന്നു സി.ഡി ഹാജരാക്കിയത്. ഈ സി.ഡി പിന്നീട് വിജിലന്‍സ് പരിശോധിക്കുകയും അതില്‍ കൃത്രിമം നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.

എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തിയത്. വ്യാജ തെളിവുകള്‍ ബിജു രമേശ് കോടതിയില്‍ ഹാജരാക്കി എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ശ്രീജിത്താണ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഈയടുത്ത് ബാര്‍ക്കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജു നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ആയിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ മജിസ്ട്രേട്ട് കോടതി ശ്രീജിത്തിന്റെ ഹര്‍ജി തള്ളി. ഇത്തരത്തില്‍ ഒരു നിയമനടപടി ഇപ്പോള്‍ സാധ്യമല്ല എന്നായിരുന്നു കോടതി പറഞ്ഞത്.

ഇതിനെതിരെ ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ബെഞ്ചില്‍നിന്ന് അനുകൂല വിധി വന്നത്. ബാര്‍ കോഴക്കസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഹാജരാക്കിയ സി.ഡി കോടതിയെ കബളിപ്പിക്കുന്നതാണെങ്കില്‍, കള്ളസാക്ഷി പറഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിജു രമേശിന് എതിരെ തുടര്‍ നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ഇതിനായി ശ്രീജിത്തിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയുമാകാം. മജിസ്ട്രേട്ട് കോടതിയാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഐ.പി.സി 193 വകുപ്പ് പ്രകാരമാണ് ശ്രീജിത്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് നീങ്ങിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ബിജു രമേശിനെതിരെ നിയമനടപടിക്കുള്ള പച്ചക്കൊടി ഹൈക്കോടതിയില്‍നിന്ന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കേസ് കൊടുത്തത് രമേശ് ചെന്നിത്തലയുടെ ബിനാമിയാണന്നും ചെന്നിത്തലയ്ക്ക് എതിരായ അഴിമതി ആരോപണത്തില്‍നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.