മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയമത്തിന് പുല്ലു വില; സാധാരണക്കാരെ വഴിയില്‍ തടഞ്ഞ് പൊലിസിന്റെ 'നിയമപാലനം'

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയമത്തിന് പുല്ലു വില;  സാധാരണക്കാരെ വഴിയില്‍ തടഞ്ഞ് പൊലിസിന്റെ 'നിയമപാലനം'

തിരുവനന്തപുരം: വാഹനങ്ങളുടെ പിന്നിലെ ഗ്ലാസിലും സൈഡ് ഡോര്‍ ഗ്ലാസുകളിലും കറുത്ത ഫിലിമും കര്‍ട്ടനുകളും ഉപയോഗിച്ചു മറയ്ക്കുന്നത് തടയാന്‍ ഇന്നലെ മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ സാധാരണക്കാര്‍ക്ക് മാത്രമായി ചുരുങ്ങി.

മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്യാതെയാണ് ഇന്നും പലരും ഓഫീസിലെത്തിയത്. എംഎല്‍എമാരും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന വിചിത്ര വാദവുമായി ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി രംഗത്തെത്തി.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കറുത്ത ഫിലിമും കര്‍ട്ടനും നീക്കം ചെയ്യുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ നടപടി. സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികള്‍ക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകള്‍ നിയമപ്രകാരം മറയ്ക്കാന്‍ കഴിയൂ. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രമാണ് ഇളവ്.

വാഹനങ്ങളിലെ പുറകിലെ ഗ്ലാസിലും സൈഡ് ഡോര്‍ ഗ്ലാസുകളിലും കറുത്ത ഫിലിമും കര്‍ട്ടനുകളും ഉപയോഗിച്ചു മറയ്ക്കുന്നത് സുപ്രീംകോടതി വിധിയുടെയും മോട്ടര്‍ വാഹന ചട്ടങ്ങളുടെയും ലംഘനമാണ്. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ഫോട്ടോ എടുത്ത് ഇ ചെല്ലാന്‍ വഴി കുറ്റപത്രം തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫിലിമും കര്‍ട്ടനും നീക്കാന്‍ വിസമ്മതിക്കുന്ന വാഹനങ്ങളുടെ റസിസ്‌ട്രേഷന്‍ റദ്ദു ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.