വിമാനയാത്രയ്ക്കിടെ ഓക്‌സിജന്‍ വിതരണം തകരാറിലായി; ബോധരഹിതരായി ഗാംബിയന്‍ ഫുട്‌ബോള്‍ ടീം, ഒഴിവായത് വന്‍ ദുരന്തം

വിമാനയാത്രയ്ക്കിടെ ഓക്‌സിജന്‍ വിതരണം തകരാറിലായി; ബോധരഹിതരായി ഗാംബിയന്‍ ഫുട്‌ബോള്‍ ടീം, ഒഴിവായത് വന്‍ ദുരന്തം

ബാന്‍ജുല്‍: വിമാന ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗാംബിയ ഫുട്‌ബോള്‍ ടീം. വിമാനത്തിലെ ഓക്‌സിജന്‍ വിതരണ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധരഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം അടിയന്തരമായി നിലത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആഫ്‌കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്നു ഗംബിയ ടീം. ബുധനാഴ്ചയാണ് സംഭവം.

50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു ടീമിന്റെ യാത്ര. എയര്‍ കോട്ടേ ഡി ഐവോറി എന്ന കമ്പനിയുടേതാണ് വിമാനം. ഗാംബിയന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ടീമിന് ഈ വിമാനം ഒരുക്കി നല്‍കിയത്. വിമാനത്തിലെ ഓക്‌സിജന് വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിശദമാക്കുന്നത്. താരങ്ങള്‍ ബോധരഹിതരായതോടെ പൈലറ്റ് ഗാംബിയയുടെ തലസ്ഥാനമായ ബാന്‍ജുലിലേക്ക് തിരികെ പോവുകയായിരുന്നുവെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരണത്തില്‍ നിന്ന് തങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെട്ടതായി വിമാനത്തിലുണ്ടായിരുന്ന ടീമിന്റെ ബെല്‍ജിയന്‍ പരിശീലകന്‍ ടോം സെന്റ്ഫിയറ്റ് പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുണ്ടായി. വിമാനം ലാന്‍ഡ് ചെയ്ത ശേഷവും ചില കളിക്കാര്‍ക്ക് ബോധം വീണ്ടുകിട്ടിയില്ല.

പ്രാഥമിക അന്വേഷണത്തില്‍ ക്യാബിനിലെ പ്രഷറും ഓക്‌സിജനും കുറഞ്ഞ നിലയിലാണെന്ന് കണ്ടെത്തിയെന്നാണ് ഗാംബിയ ഫുട്‌ബോള്‍ അസോസിയേഷന്‍ വിശദമാക്കുന്നത്. താരങ്ങളില്‍ പലരും മയങ്ങി വീണതിന് പിന്നാലെ ഒന്‍പത് മിനിറ്റിന് ശേഷമാണ് തിരികെ പോവാനുള്ള തീരുമാനം പൈലറ്റ് സ്വീകരിച്ചത്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ലഭ്യമാകേണ്ടിയിരുന്ന ഓക്‌സിജന്‍ മാസ്‌കുകളും യാത്രക്കാര്‍ക്ക് ലഭിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.