ന്യൂഡല്‍ഹി: മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം ശക്തമാക്കി കത്തോലിക്കാ സഭ. നാളെ രാവിലെ 11 മണിക്ക് കത്തോലിക്ക സഭാ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന.
സി ബി സി ഐ യുടെ അധ്യക്ഷന്‍ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ജോര്‍ജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ എന്നിവരാണ് നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ശ്രീലങ്ക ഉള്‍പ്പെടെ സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് നേരത്തെ കോൺഗ്രസ് എം പി ശ്രീ കൊടിക്കുന്നേൽ സുരേഷ് പാർലമെൻറിൽ ആവശ്യപ്പെട്ടിരുന്നു. 2019 ലെ ചരിത്ര പ്രസിദ്ധമായ യു എ ഇ സന്ദർശനത്തിന് ശേഷം പാപ്പായെ ഇന്ത്യ എന്ത് കൊണ്ട് ക്ഷണിക്കുന്നില്ല എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ സജീവമായിരുന്നു. ഈ വർഷം മാർച്ചിൽ ഇറാക്ക് സന്ദർശിക്കുമെന്ന് മാര്‍പാപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ ക്ഷണിക്കാത്തത് കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഇന്ത്യ സന്ദർശിക്കാത്തത് എന്ന് നേരത്തെ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പരസ്യമായി പ്രതികരിച്ചിരുന്നു.
രണ്ട് മാർപാപ്പാമാരാണ് ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. പോൾ ആറാമൻ മാർപാപ്പയാണ് ആദ്യമായി 1964 ൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ മുംബൈ സന്ദർശിച്ചത്. ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പ 1986 ഫെബ്രുവരിയിൽ കോട്ടയം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. പിന്നീട് 1999 നവംബറിൽ ന്യൂഡൽഹിയും സന്ദർശിച്ചു. പാപ്പായുടെ ഭാരത സന്ദർശനത്തിന് ആർ എസ് എസ് എതിരാണെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും, 1999 ൽ വി ജോൺ പോൾ രണ്ടാമൻ ഇന്ത്യ സന്ദർശിച്ചത് ആർ എസ് എസ്സിന്റെ സഹകരണത്തോടെ അടൽ ബിഹാരി ബാജ്പേയ് പ്രധാനമന്ത്രി ആയിരിക്കുപ്പോഴാണെന്നും ബി ജെ പിയിലെ ക്രൈസ്തവ നേതാക്കൻമാർ പറയുന്നു.
ഏതായാലും ക്രൈസ്തവ സമൂഹത്തെ സ്വന്തം പാളയത്തിലെത്തിക്കാൻ പരിശ്രമിക്കുന്ന ബി ജെ പി ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലെത്തിക്കുമോ എന്ന് രാഷ്ട്രീയകേന്ദ്രങ്ങൾക്കൊപ്പം വിശ്വാസികളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.