എം.ടി പറഞ്ഞത് കേരളം കേൾക്കാൻ കാത്തിരുന്ന വാക്കുകളെന്ന് വി.ഡി. സതീശൻ; വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കട്ടെയെന്ന് ചെന്നിത്തല

എം.ടി പറഞ്ഞത് കേരളം കേൾക്കാൻ കാത്തിരുന്ന വാക്കുകളെന്ന് വി.ഡി. സതീശൻ; വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കട്ടെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ കോൺ​ഗ്രസ് അടക്കമുള്ള പാർട്ടികൾ രാഷ്ട്രീയ ആയുധം ആക്കുന്നു. കേരളം കേൾക്കാൻ കാത്തിരുന്ന വാക്കുകളാണ് എം.ടി. വാസുദേവൻ നായർ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. പറഞ്ഞ വാക്കുകൾ ബധിര കർണങ്ങളിൽ പതിക്കരുത്. കാലത്തിന്‍റെ ചുവരെഴുത്താണ് അദേഹം വായിച്ചത്. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി. പറഞ്ഞത്. നിഷ്പക്ഷത നടിച്ച് നടന്ന സർക്കാറിനെ താങ്ങി നിർത്തുന്ന ബുദ്ധി ജീവികളും സാംസ്കാരിക പ്രവർത്തകരും ചില മാധ്യമ പ്രവർത്തകരും നിഷ്പക്ഷരാണെന്ന് കരുതി വന്ന് സമൂഹ മാധ്യമങ്ങളിലൂടെ സർക്കാറിന് സ്തുതി ഗീതം പാടുന്നവരും എം.ടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം.

എം.ടിയുടെ വാക്കുകൾ പ്രധാനപ്പെട്ടതാണ്. അധികാരം എങ്ങനെ മനുഷ്യനെ ദുഷിപ്പിക്കുന്നു. അധികാരം അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും എങ്ങനെ പോകുന്നു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു, അതിനെ അടിച്ചമർത്തുന്നു. ക്രൂരമായ മർദന മുറകൾ സംസ്ഥാനത്തൊട്ടാകെ അഴിച്ച് വിടുന്നു. ഇതൊക്കെ കണ്ട് എം.ടിയെ പോലുള്ള ഒരാൾ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. എം.ടിയുടെ വാക്കുകൾക്ക് അത്രയേറെ മൂർച്ചയുണ്ടെന്ന് കരുതുന്നു. അത് വഴിതിരിച്ചു വിടാതെ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. വഴിതിരിച്ചു വിടാൻ ശ്രമിച്ചാൽ കേരളം വീണ്ടും ആപത്തിലേക്ക് പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

എം.ടി. വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എം.ടിയുടെ വിമർശനം പിണറായി വിജയനും നരേന്ദ്ര മോഡിക്കും ബാധകമാണ്. എം.ടി. കാണിച്ച ആർജവം സാംസ്കാരിക നായകർക്ക് മാതൃകയാവട്ടെ എന്നും സ്തുതിപാഠകർക്ക് അവസരങ്ങൾ എന്നതാണ് അവസ്ഥയെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ഇ.എം.എസുമായി താരതമ്യപ്പെടുത്തിയാണ് എം.ടി. വാസുദേവന്‍ നായര്‍ രൂക്ഷ രാഷ്ട്രീയ വിമര്‍ശനം ഉയർത്തിയത്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി എന്ന് പറഞ്ഞു തുടങ്ങിയ എം.ടി, പിണറായിയുടെ പേരെടുത്ത് പറയാതെയാണ് വിമർശനത്തിന്‍റെ കൂരമ്പുകൾ തൊടുത്തുവിട്ടത്. കോഴിക്കോട് കടപ്പുറത്ത് ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ തൊട്ടുപിന്നാലെയായിരുന്നു എഴുതിത്തയാറാക്കിയ പ്രസംഗത്തിലൂടെയുള്ള എം.ടിയുടെ വിമർശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.