ന്യൂഡല്‍ഹി/കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമിതനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സിവേണുഗോപാല്‍, താരിഖ് അന്‍വര്‍, എംപിമാരായ കെ.മുരളീധരന്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സമിതിയിലുണ്ട്. ശശി തരൂര്‍ എംപിയേയും സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നറിയുന്നു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ മുഖ്യ ചുമതല ഈ സമിതിയ്ക്കായിരിക്കും. ഏ.കെ ആന്റണി തെരഞ്ഞെടുപ്പ് കാലത്ത് മുഴുവന്‍ സമയവും കേരളത്തിലുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഉമ്മന്‍ ചാണ്ടിയ്ക്ക് ഏത് പദവി നല്‍കുന്നതിലും വിരോധമില്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിടുക. ആദ്യം വിജയിക്കുക. പിന്നീട് മുഖ്യമന്ത്രി എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്.
മുന്നണി വിജയിച്ചാല്‍ കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന വ്യക്തിയാകും മുഖ്യമന്ത്രി ആവുക. മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും രണ്ട് ടേമായി നല്‍കുന്ന കാര്യവും പിന്നീട് പരിഗണിയ്ക്കും. എന്തായാലും നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മത്സരിക്കും എന്നുറപ്പായി.
ഉമ്മന്‍ ചാണ്ടി ഇത്തവണ മത്സര രംഗത്ത് നിന്ന് വിട്ടുനിന്നേക്കുമെന്ന് ആദ്യം സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഘടകക ക്ഷികളും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് നയിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃ നിരയിലേക്ക് തിരികെ എത്തിയാല്‍ മധ്യതിരുവിതാംകൂറിലെ വോട്ട് ചോര്‍ച്ച തടയാനാകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യുഡിഎഫും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണമാണ് ക്രൈസ്തവ ഭൂരിപക്ഷമുള്ള മധ്യ തിരുവിതാംകൂറില്‍ വലിയ തിരിച്ചടിയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഇത്തവണ ഗ്രൂപ്പ് സമവാക്യങ്ങളേക്കാള്‍ കൂടുതല്‍ ജയസാധ്യതയ്ക്കായിരിക്കും പ്രാമുഖ്യം എന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ഹൈക്കമാന്‍ഡിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.