നാല് വയസുകാരന്റെ കൊലപാതകം: സുചേന കുട്ടിയുടെ പൂര്‍ണ സംരക്ഷണം ആഗ്രഹിച്ചിരുന്നു; പ്രതിയുടെ ബാഗില്‍ നിന്നും നിര്‍ണായക കുറിപ്പ് കണ്ടെത്തി

നാല് വയസുകാരന്റെ കൊലപാതകം: സുചേന കുട്ടിയുടെ പൂര്‍ണ സംരക്ഷണം ആഗ്രഹിച്ചിരുന്നു; പ്രതിയുടെ ബാഗില്‍ നിന്നും നിര്‍ണായക കുറിപ്പ് കണ്ടെത്തി

പനാജി: നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കൊലപ്പെടുത്തി മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ബാഗില്‍ നിന്ന് ഗോവ പൊലീസ് കുറിപ്പ് കണ്ടെടുത്തു. ടിഷ്യൂവില്‍ ഐലൈനര്‍ കൊണ്ടെഴുതിയ നിലയിലുള്ള കുറിപ്പാണ് പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന്റെ പ്രേരണയെക്കുറിച്ചും പ്രതിയായ സുചേന സേഥിന്റെ മാനസികാവസ്ഥയിലേക്കും വെളിച്ചം വീശുന്ന നിര്‍ണായക തെളിവായാണ് പൊലീസിന് ലഭിച്ചത്.

മകനെ വേര്‍പിരിയാനും ഭര്‍ത്താവിന് വിട്ട് നല്‍കാനും പ്രതി തയ്യാറല്ലെന്ന് കുറിപ്പില്‍ പറയുന്നു. തന്റെ ഭര്‍ത്താവിന് അക്രമാസക്തമായ പെരുമാറ്റമാണെന്നും മകന്റെ മുന്നില്‍ നല്ല മാതൃക കാട്ടിയില്ലെന്നും അവര്‍ ആരോപിക്കുന്നു. 2022 മുതല്‍ സുചേനും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചന നടപടികള്‍ നടന്നു വരികയാണ്.
കുറിപ്പ് വിശദമായി പഠിച്ചു വരികയാണെന്നും പ്രതിയുടെ കൈയക്ഷരം എടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ചകളില്‍ മകനെ കാണാന്‍ ഭര്‍ത്താവിനെ അനുവദിച്ച കോടതി വിധിയില്‍ യുവതിക്ക് അതൃപ്തിയുള്ളതായും കുട്ടിയുടെ പൂര്‍ണ സംരക്ഷണം സുചേന ആഗ്രഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുചേനയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൂടാതെ മാനസികാവസ്ഥ പരിശോധിക്കാന്‍ മനശാസ്ത്ര പരിശോധനയും നടത്തിയിരുന്നു. സുചേന ജനുവരി ആറിന് ചെക്ക്-ഇന്‍ ചെയ്ത ഗോവയിലെ ഹോട്ടല്‍ മുറിയിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യങ്ങളുടെ രംഗം പുനസൃഷ്ടിക്കുന്നതിനായി അവരെ കൊണ്ടുപോകുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുറിയില്‍ നിന്ന് രണ്ട് ഒഴിഞ്ഞ സിറപ്പ് കുപ്പികള്‍ പൊലീസ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിക്ക് ഉയര്‍ന്ന അളവില്‍ മരുന്ന് നല്‍കിയതായി സംശയിക്കുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. മുറിയില്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സുചേന ആദ്യം പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രി കര്‍ണാടകയിലേക്കുള്ള യാത്രാമധ്യേയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് സ്ഥാപകയും സിഇഒയുമാണ് സുചേന സേഥ്. നോര്‍ത്ത് ഗോവയിലെ കണ്ടോലിമിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ സുചേന മകനൊപ്പം മുറിയെടുത്തിരുന്നു. ഇവിടെവച്ചാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവെയാണ് ഇവരെ പിടികൂടുന്നത്.

യുവതി ചെക് ഔട്ട് ചെയ്തശേഷം ഇവര്‍ താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്ട്‌മെന്റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തിയതാണ് നിര്‍ണായകമായത്. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. ഗോവ പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.

ഇതോടെ യുവതി ബംഗളൂരുവിലേക്ക് തിരിച്ച ടാക്സി ഡ്രൈവറെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ ഗോവയിലെ സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിച്ചെങ്കിലും ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ വീണ്ടും ഡ്രൈവറെ വിളിച്ച പൊലീസ് ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.